
സ്വന്തം ലേഖകൻ: റമദാനില്‍ ജീവനക്കാരുടെ ജോലി സമയം നീട്ടുന്നതിന് എമിറേറ്റിലെ ബിസിനസുകള്‍ പ്രത്യേക പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. പുണ്യമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷവും പ്രവര്‍ത്തനം തുടരുന്നതിന് സ്റ്റോറുകളും ഷോപ്പുകളും പോലുള്ള സ്ഥാപനങ്ങള്‍ ഈ പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
പെര്‍മിറ്റുകള്‍ക്ക് www.shjmun.gov.ae എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അതേസമയം, എഞ്ചിനീയറിംഗ് കരാറുകാര്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷം ജോലി ചെയ്യിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ അധിക സമയ ജോലിക്ക് പെര്‍മിറ്റ് എടുക്കണമെന്ന നിബന്ധനയില്‍ നിന്ന് ചില സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
അവയുടെ പട്ടിക ഷാര്‍ജ മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ചിട്ടുണഅട്. റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്ക് അര്‍ദ്ധരാത്രിക്ക് ശേഷം പ്രവൃത്തി സമയം നീട്ടാന്‍ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഭക്ഷണശാലകള്‍ക്ക് ബാധകമായ രണ്ട് പെര്‍മിറ്റുകള്‍ ഉണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഷോപ്പിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി പകല്‍ സമയത്ത് പ്രദര്‍ശനങ്ങള്‍ നടത്തുന്നതിന് പ്രത്യേക അനുമതി വാങ്ങണം.
ഈ പെര്‍മിറ്റിന്റെ ഫീസ് 3,000 ദിര്‍ഹമാണ്. ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ലഘുഭക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് അനുമതി ആവശ്യമുള്ള മറ്റൊരു കാര്യം. ഈ പെര്‍മിറ്റിന് 500 ദിര്‍ഹമാണ് ഫീസ്. ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ സബര്‍ബ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 5-ലെ ഫുഡ് കണ്‍ട്രോള്‍ സെക്ഷന്‍ കൗണ്ടറില്‍ ഭക്ഷണശാല ഉടമകള്‍ക്കോ മാനേജര്‍മാര്‍ക്കോ പെര്‍മിറ്റിന് അപേക്ഷിക്കാം.
പുണ്യമാസത്തില്‍ ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ റമദാനില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ദിവസം രണ്ട് മണിക്കൂര്‍ എന്ന തോതില്‍ സമയം ഇളവ് അനുവദിക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നവര്‍ ഓവര്‍ ടൈം ശമ്പളം നല്‍കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റമദാനില്‍ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സമയവും റമദാനില്‍ കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല