1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2017

സ്വന്തം ലേഖകന്‍: മനസു നിറയെ കേരളത്തിന്റെ സ്‌നേഹവും കാഴ്ചകളും മാത്രം, അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഷാര്‍ജ ഭരണാധികാരി മടങ്ങി. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ നിന്ന് ശൈഖ് സുല്‍ത്താന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രത്യേക വിമാനത്തില്‍ എറണാകുളത്തേക്ക് തിരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തി.
കേരളത്തോടും കേരള ജനതയോടും അദ്ദേഹം കാണിച്ച സൗഹൃദത്തിനും സൗമനസ്യത്തിനും നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷാര്‍ജയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഈ സന്ദര്‍ശനം ഉപകരിച്ചിട്ടുണ്ടെന്നും, ഇത് ചരിത്ര മുഹൂര്‍ത്തമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സ്വകാര്യ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ സുല്‍ത്താന് മിനി തൃശൂര്‍ പൂരം ഒരുക്കിയാണ് സ്വാഗതം ചെയ്തത്. വരവേല്‍പ്പിന്റെ ഭാഗമായി പുലികളി ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങളും സുല്‍ത്താന് കൗതുകമായി.

മുന്‍ നിശ്ചയിച്ചതില്‍നിന്നു വ്യത്യസ്തമായി ഷെയ്ഖ് സുല്‍ത്താന്റെ കായല്‍ സവാരി റദ്ദാക്കി. പകരം വിമാനത്താവളത്തില്‍നിന്നു നേരെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ വസതിയിലേക്കു പോയ സുല്‍ത്താന്‍ വൈകിട്ട് ആഗ്രയിലേക്ക് തിരിച്ചു. ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ഷാര്‍ജ ഫാമിലി സിറ്റി, അന്താരാഷ്ട്ര തരത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, സാംസ്‌കാരിക കേന്ദ്രം, ആരോഗ്യ പരിപാലനം, തുടങ്ങി ഏഴോളം പദ്ധതികളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഡി ലിറ്റ് സ്വീകരണത്തിന് മുന്നോടിയായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിലെത്തിയതിന്റെ ആദരസൂചകമായി ഷാര്‍ജ ഭരണാധികാരിയെ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. രാജ്ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിന് സംസ്ഥാനത്തിന്റെ ആദരവായി ഡിഗ്രി ഓഫ് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്.
ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.