1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: അൽ നഹ്ദ അബ്കോ ടവറിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വൻ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. താമസക്കാരിൽ പലരുടെയും പാസ്പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും കത്തിനശിച്ചു.

ടവറിലെ താമസക്കാരെ ഫ്ലാറ്റുകളിൽ കടക്കാൻ ഇന്ന് അധികൃതർ അനുവദിച്ചു. കേടുപാടില്ലാതെ അവശേഷിക്കുന്ന സാധനങ്ങൾ എടുക്കാനാണ് നിശ്ചിത സമയത്തേക്കു പൊലീസ് അനുമതി നൽകിയത്. താമസക്കാരെ ഒരുമിച്ച് കടത്തിവിടാതെ ചെറുസംഘങ്ങളായി വിടുകയായിരുന്നു.

താമസക്കാരിൽ ഒരുവിഭാഗം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയാണെങ്കിലും ബാക്കിയുള്ളവർക്ക് അധികൃതർ ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവർക്ക് പൊലീസും എമിറേറ്റ്സ് റെഡ് ക്രസന്റും ഷാർജ ചാരിറ്റി അസോസിയേഷനും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു.

താമസക്കാരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും കോവിഡ് ഭീതി പടരുന്നതിനിടെ കിടപ്പാടം നഷ്ടമായത് ഇവർക്ക് ഇരുട്ടടിയായി. പലർക്കും പാസ്പോർട്ട് അടക്കമുള്ള വിലപ്പെട്ട രേഖകൾ നഷ്ടമായി. താമസക്കാരെ ഷാർജയിലെ 3 ഹോട്ടലുകളിലേക്കാണു മാറ്റിയത്. ഫ്ലാറ്റുകളിൽ ഒന്നും അവശേഷിക്കാൻ സാധ്യതയില്ലെന്ന് താമസക്കാർ പറയുന്നു.

ടവറിന്റെ ഒരു ഭാഗം പൂർണമായും ചാമ്പലായി. താമസക്കാർക്ക് പുലർച്ചെയോടെ താമസസൗകര്യം ഒരുക്കി. ചിലർ അതിനു മുൻപേ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടുത്തേക്കു പോയി. പൊലീസും സാമൂഹിക സംഘടനകളും ഭക്ഷണം എത്തിക്കുന്നതിനാൽ ഇവർക്ക് ഭക്ഷണത്തിന് മുട്ടില്ലെങ്കിലും ആശങ്ക ഒഴിയുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.