1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2021

സ്വന്തം ലേഖകൻ: ഷാര്‍ജയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ബാക്കി നാല് ദിവസങ്ങളില്‍ പ്രവൃത്തി ദിവസം ആയിരിക്കും. വെള്ളിയാഴ്ച പകുതി ദിവസത്തെ ജോലിയില്‍ മാറ്റം വരുത്താന്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അവരുടെ സ്വന്തം വിവേചനാധികാരത്തില്‍ അത് ചെയ്യാമെന്നും യുഎഇ തൊഴില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎഇയില്‍ പ്രഖ്യാപിച്ച മൂന്നര ദിവസത്തേക്കാള്‍ അര ദിവസത്തെ അവധി കൂടുതല്‍ ഷാര്‍ജയിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉപ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി വ്യാഴാഴ്ചയാണ് ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ തീരുമാനം പ്രഖ്യാപിച്ചത്. 2022 ജനുവരി 1 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.

തിങ്കള്‍ മുതല്‍ വ്യാഴം വരെ ജീവനക്കാര്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ പ്രവര്‍ത്തിക്കും. ഇത് ഇപ്പോഴത്തെ സമയത്തെക്കാള്‍ 60 മുതല്‍ 90 മിനിറ്റ് വരെ ദൈര്‍ഘ്യം ഉള്ളതാണ്. ശനി, ഞായര്‍ വാരാന്ത്യത്തിലേക്കുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ മാറ്റത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസത്തെ അവധി നല്‍കിയതോടെ സര്‍ക്കാര്‍ മേഖലയെ ഗള്‍ഫിലും മധ്യപൂര്‍വദേശത്തും പൂര്‍ണമായി നാല് ദിവസത്തെ പ്രവൃത്തി അംഗീകരിക്കുന്ന ആദ്യ മേഖലയാക്കി ഷാര്‍ജയെ മാറ്റി.

ദുബായ്, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ സര്‍ക്കാരുകളെല്ലാം ആഴ്ചയില്‍ നാലര ദിവസത്തെ പ്രവൃത്തിദിനമാണ് നടപ്പാക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തിദിവസം നടപ്പാക്കാന്‍ രാജ്യത്തെ സ്‌കൂളുകള്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി 3 ന് സ്‌കൂളുകള്‍ പുതിയ ടൈംടേബിളുമായി തുറക്കുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കുമ്പോള്‍ പ്രാര്‍ഥനയ്ക്ക് തടസ്സം വരാത്ത വിധം ജോലി സമയം ക്രമീകരിക്കാനാണ് പല കമ്പനികളും ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം പിന്തുടരുന്ന സ്‌കൂളുകള്‍ അതനുസരിച്ച് അവധി ദിവസങ്ങള്‍ ക്രമീകരിക്കാനുള്ള നടപടി ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.