1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2020

സ്വന്തം ലേഖകൻ: യു.എ.ഇ.യുടെ അടുത്ത 50 വർഷങ്ങൾ രൂപപ്പെടുത്താനുള്ള പുതിയ പദ്ധതിയിൽ അണിചേരാൻ പൗരൻമാരോടും താമസക്കാരോടും ആഹ്വാനം ചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു.എ.ഇ.യുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെകൂടി ഉൾപ്പെടുത്താൻ ‘ഡിസൈനിങ് ദ നെക്സ്റ്റ് 50’ പദ്ധതി ആരംഭിച്ചു. തിങ്കളാഴ്ചയാണ് ദുബായ് ഭരണാധികാരി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വദേശികൾക്ക് പുറമെ പ്രവാസികൾക്കും ഇതിന്റെ ഭാഗമാവുകയും ആശയങ്ങൾ പങ്കുവെക്കുകയുമാവാം. 2071 വരെയുള്ള സമഗ്രവികസന പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.

50 വർഷങ്ങൾക്ക് മുൻപുതന്നെ യു.എ.ഇ. സ്ഥാപകർ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെകൂടി ഉൾപ്പെടുത്തുകയെന്ന ദൗത്യം ആരംഭിച്ചിരുന്നു. മരുഭൂമിയിൽനിന്ന് ആരംഭിച്ച അവരുടെ സ്വപ്നങ്ങൾ ഇന്ന് ബഹിരാകാശത്തുവരെയെത്തി. പൂർവികരുടെ സ്വപ്നങ്ങൾ ഇന്ന് ചരിത്രംകുറിച്ചെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

യു.എ.ഇ. സ്ഥാപകരുടെ ദൗത്യം പുനരുജ്ജീവിപ്പിക്കുകയാണ്. അടുത്ത തലമുറക്കുള്ള യു.എ.ഇ.യെ രൂപപ്പെടുത്തുക എന്നത് കടമയാണ്. അതിന് പൊതുജനങ്ങളുടെ പങ്കാളിത്തം വേണം. കൂടെ അണിചേരാൻ എല്ലാ പൗരൻമാരെയും താമസക്കാരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ. ഉപപ്രധാനമന്ത്രിയും രാഷ്ട്രപതികാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് അടുത്ത 50 വർഷത്തെ വികസന പദ്ധതിയുടെ മേൽനോട്ടം വഹിക്കുക.

ഡിസൈനിങ് ദ നെക്സ്റ്റ്‌ 50 പദ്ധതിക്കായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, പാർപ്പിടം, ടൂറിസം, സംരംഭകത്വം, നിക്ഷേപം, സ്കിൽ ഡെവലപ്പ്‌മെന്റ്, സാമൂഹിക മൂല്യങ്ങൾ, സംസ്കാരം, കുടുംബബന്ധങ്ങൾ, കായികം, യൂത്ത്, ഭക്ഷ്യസുരക്ഷ, ശാസ്ത്രം, നൂതന സാങ്കേതിക വിദ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ യുവാക്കളിൽനിന്ന് ആശയങ്ങൾ ശേഖരിക്കും. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ആശയങ്ങൾ ശേഖരിക്കുക.

പൊതുജനങ്ങളെ പ്രതിനിധാനം ചെയ്യുന്നവരുമായി യു.എ.ഇ. മന്ത്രിമാർ ഇതുസംബന്ധിച്ച് യോഗം ചേരും. ആശയങ്ങളും ശുപാർശകളും വികസിപ്പിക്കാൻ പാനൽ ചർച്ചകളും ഉണ്ടാകും. പൊതുജനങ്ങളുടെ പ്രതികരണങ്ങൾ അറിയാൻ പൊതു സ്വകാര്യ സ്ഥാപനങ്ങളിലൂടെ റിമോട്ട് മീറ്റിങ്ങുകൾ, സർവേകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും.

വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, നൂതന സാങ്കേതിക വിദ്യകൾ എന്നിങ്ങനെ വിവിധ സുപ്രധാന മേഖലകളുടെ വികസനത്തിന് ആശയങ്ങൾ തേടും. എല്ലാ മേഖലകളിലും ആഗോള മത്സരശേഷി വർധിപ്പിച്ച് സ്വകാര്യമേഖലയുടെ ഭാവി രൂപപ്പെടുത്തുകയാണ് ഡിസൈനിങ് ദ നെക്സ്റ്റ് 50 പദ്ധതി ലക്ഷ്യമിടുന്നത്.

അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞ ജനുവരിയിൽ പുതിയ ലോഗോ പുറത്തിറക്കിയിരുന്നു. ദേശീയ പതാകയിലെ വർണങ്ങളിലുള്ള ഏഴ് വരകളടങ്ങിയ ലോഗോ ദുബായ് ഭരണാധികാരിയാണ് പുറത്തിറക്കിയത്. അടുത്ത 50 വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾക്കുള്ള വർഷമായാണ് 2020-നെ യു.എ.ഇ. പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.