
സ്വന്തം ലേഖകൻ: ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടോക്യോയിലെത്തിയ നരേന്ദ്ര മോദി കിഷിദയുമായി പുലർച്ചെ കൂടിക്കാഴ്ച നടത്തി. ആബേയുമായി ഇന്ത്യയുടെ ബന്ധത്തെ ഓർമിപ്പിക്കുകയും അദ്ദേഹത്തെ പോലെ ദീർഘ വീക്ഷണമുള്ള നേതാവിനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു എന്നും മോദി പറഞ്ഞു.
ജൂലൈ 8ന് ജപ്പാനിലെ നരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആബേക്ക് വെടിയേൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടലോടെയാണ് താൻ കേട്ടതെന്ന് മോദി പറഞ്ഞു. അദ്ദേഹം എല്ലാകാലത്തും തന്റെ മികച്ച സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ ജൂലൈ 9ന് ഒരു ദിവസം ദുഃഖാചരണം നടത്തിയിരുന്നതായി കിഷിദയോട് സൂചിപ്പിച്ചു.
ഇന്ത്യയുടെ വളർച്ചയിൽ പ്രധാനമന്ത്രി ആബേ നൽകിയ സംഭാവന വളരെ വലുതാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കൂടുതൽ മെച്ചപ്പെടുത്തി. വിശാലവും, തന്ത്രപരവും, സമഗ്രവുമായ വികസനത്തിന് അദ്ദേഹവുമായുള്ള ഇടപെടലുകൾ സഹായിച്ചു. ഇന്ത്യ എല്ലാ കാലത്തും ജപ്പാനുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കും.പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത താങ്കൾക്കും ആ ബന്ധം തുടർന്ന് കൊണ്ടുപോകാൻ കഴിയട്ടെ എന്നും മോദി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല