1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2017

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നത്തിന് നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു, പാക് ഭീകര സംഘടകളെ രൂക്ഷമായി വിമര്‍ശിച്ച് സംയുക്ത പ്രസ്താവന. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍.

അഹമ്മദാബാദ് – മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 2023ല്‍ പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നത്. 508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്റ്റേഷനുകളാണുള്ളത്. 21 കിലോമീറ്റര്‍ തുരങ്കവും, ഏഴുകിലോമീറ്റര്‍ കടലിനുള്ളിലൂടെ യാത്രയുമാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ സ്പീഡാണ് ബുള്ളറ്റ് ട്രെയിന്‍ വാഗ്ദാനം നല്‍കുന്നത്. വെറും രണ്ടു മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദില്‍ എത്താന്‍ ഇതോടെ സാധ്യമാകും.

1.10 ലക്ഷം കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍, 81 ശതമാനവും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയാണ് വഹിക്കുന്നത്. അന്‍പത് വര്‍ഷംകൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം. ജപ്പാനും ഭാരതവും തമ്മിലുള്ള ദൃഢ ബന്ധത്തെപ്പറ്റി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഭാരതത്തിലെയും ജപ്പാനിലെയും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്ദ്ധര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സാദ്ധ്യമാകാത്ത ഒന്നുമില്ലെന്നും, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ‘ജയ് ജപ്പാന്‍, ജയ് ഇന്ത്യ’ എന്നും ആബെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിച്ച ആബേ അദ്ദേഹത്തെ തന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിക്കാനും മറന്നില്ല. ഇന്ത്യജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടക്കും. പ്രതിരോധം, സുരക്ഷാ ഉപകരണ കൈമാറ്റം തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ സഹകരണത്തിനും ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. പാക് ഭീകര സംഘടനകളുടെ പേരെടുത്ത് പറഞ്ഞുള്ള സംയുക്ത പ്രസ്താവനയും ശ്രദ്ധേയമായി.

പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ പേരാണ് പ്രസ്താവനയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. തീവ്രവാദത്തിന്റെ വേരറുക്കുന്നതിന് എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍ എടുത്ത് പറഞ്ഞാണ് സംയുക്ത പ്രസ്താവന. തീവ്രവാദത്തോടും അതിന് പിന്തുണ നല്‍കുന്നവരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്ന് സംയുക്ത പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.