സ്വന്തം ലേഖകന്‍: അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ആദ്യ വിവരങ്ങള്‍. മേരിലാന്‍ഡിലെ അന്നാപൊളിസിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേര്‍ക്ക് വെടിയേറ്റതായും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം വൈകിട്ട് 3.30 നായിരുന്നു സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റുവെന്നും ചിലര്‍ മരിച്ചിട്ടുണ്ടാകാമെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
തോക്കുമായെത്തിയ ഒരാള്‍ പത്രത്തിന്റെ ജീവനക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു.
ഓഫിസിന്റെ ചില്ലുവാതില്‍ നിറയൊഴിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ഷോട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് സംസ്ഥാന പാതകള്‍ അധികൃതര്‍ അടയ്ക്കുകയും ചെയ്തു. പത്രത്തിന്റെ ഓഫീസില്‍ നിന്ന് ജീവനക്കാരെ മുഴുവന്‍ പുറത്തെത്തിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല