1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ നിരവധി തവണ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയിട്ടുള്ള ആളാണ് നടൻ സിദ്ധാർഥ്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ മൂലം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചാൽ സിദ്ധാർഥിന് വ്യക്തമായ മറുപടിയുണ്ട്. നിശബ്ദനായിരുന്നാൽ മാത്രമേ അവസരങ്ങൾ​ ലഭിക്കുകയുള്ളൂ എങ്കിൽ തനിക്ക് അത്തരം അവസരങ്ങൾ വേണ്ടെന്ന് പറയാൻ ഈ കലാകാരന് യാതൊരു പേടിയുമില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥിന്റെ തുറന്നു പറച്ചിൽ.

“നിശബ്ദനായി ഇരുന്നാലേ എനിക്ക് ജോലി കിട്ടൂ എങ്കിൽ ആ ജോലി എനിക്ക് വേണ്ട. ഞാനൊരു 21കാരല്ല. അതുകൊണ്ടു തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നുമില്ല. ഇപ്പോൾ ഞാൻ സംസാരിച്ചില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാഗ്യവശാൽ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാൾ സംസാരിച്ചില്ലെങ്കിൽ, പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും?

ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാർക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല. ഇത്രയും നാൾ ആ കാരണം കൊണ്ട് എനിക്കെന്റെ തൊഴിലിൽ യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. ഇനി അങ്ങനെ സംഭവിക്കും എന്നും ഞാൻ കരുതുന്നില്ല. കാരണം അങ്ങനെയല്ല എനിക്കെന്റെ സിനിമകൾ ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വിട്ടുവീഴ്ചകൾ നടത്തി ജോലി നേടാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, ഞാൻ പറഞ്ഞേനെ, ‘കാര്യങ്ങൾ നന്നായി പോകുന്നു, പിന്നെന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്’ എന്ന്,” സിദ്ധാർഥ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കോളേജിൽ പഠിക്കുന്ന കാലത്തും താൻ ഇങ്ങനെ തന്നെ ആയിരുന്നു എന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല എന്നും സിദ്ധാർഥ് പറയുന്നു. ഓരോ ദിവസവും നമ്മുടെ രക്തം തിളപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുകയും നമ്മൾ വളർന്ന ഇന്ത്യയിൽ ഇത് സംഭവിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നത് നിർഭാഗ്യകരമാണെന്നും സിദ്ധാർഥ് അഭിമുഖത്തിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ശക്തമായി രംഗത്തു വന്ന ചലച്ചിത്ര പ്രവർത്തകരിൽ ഒരാളായിരുന്നു സിദ്ധാർഥ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തെരുവിലിറങ്ങിയ സിദ്ധാർഥ് മോദിയേയും അമിത് ഷായേയും ദുര്യോധനനും ശകുനിയും എന്ന് വിശേഷിപ്പിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്ത സിദ്ധാർഥിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.