1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: മാരകമയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘കുഷ്’ എന്ന് പേരുള്ള മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കുഷിന്റെ ഉപയോഗം കാരണം മരണങ്ങള്‍ വര്‍ധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പിന്തുണയും നല്‍കാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സോംബി മയക്കുമരുന്നായ കുഷിനെ ‘മരണക്കെണി’യെന്നാണ് സിയറ ലിയോണ്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

‘കുഷി’ന് അടിമകളായവര്‍ മനുഷ്യരുടെ കുഴിമാടങ്ങള്‍ മാന്തുന്നത് സിയറ ലിയോണില്‍ വ്യാപകമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചില വിഷപദാര്‍ഥങ്ങള്‍ക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേര്‍ത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ മയക്കുമരുന്ന് നിര്‍മിക്കാനുള്ള അസ്ഥികള്‍ക്കായി കുഴിമാടങ്ങള്‍ കുഴിക്കുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്.

കുഷിന് അടിപ്പെട്ടവരാണ് ലഹരിമരുന്ന് നിര്‍മിക്കാനായി കുഴിമാടങ്ങള്‍ മാന്തുന്നത്. ഇത്തരത്തില്‍ അസ്ഥികള്‍ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങള്‍ തകര്‍ക്കപ്പെട്ടതായാണ് വിവരം. ഇതേത്തുടര്‍ന്ന് രാജ്യതലസ്ഥാനമായ ഫ്രീടൗണില്‍ ഉള്‍പ്പെടെ ശ്മശാനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുഷിന് അടിമകളായവര്‍ വീര്‍ത്ത കൈകാലുകളുമായി തെരുവുകളില്‍ കഴിയുന്നത് സിയറ ലിയോണിലെ സ്ഥിരംകാഴ്ചയാണ്. ആറുവര്‍ഷം മുന്‍പാണ് ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണില്‍ പലരും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് കുഷിന് യുവാക്കള്‍ക്കിടയില്‍ വന്‍പ്രചാരം ലഭിച്ചതോടെ ഉപയോഗം വ്യാപകമായി. യുവാക്കള്‍ പലരും സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകളും രാജ്യത്ത് പതിവായി.

കുഷിന്റെ ഉപയോഗം കാരണം മരണം സംഭവിച്ചവരുടെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏതാനും മാസങ്ങള്‍ക്കിടെ നൂറുകണക്കിന് യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചെന്നാണ് ഫ്രീടൗണിലെ ഒരു ഡോക്ടര്‍ പ്രതികരിച്ചത്. മയക്കുമരുന്നിന്റെ ഉപയോഗം കാരണം അവയവങ്ങള്‍ തകരാറിലായാണ് ഇവരുടെ മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെ രാജ്യത്തെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-നും 2023-നും ഇടയില്‍ കുഷിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരുടെ എണ്ണം നാലായിരം ശതമാനത്തോളം വര്‍ധിച്ചതായാണ് കണക്ക്.

മയക്കമരുന്നിന്റെ വ്യാപനം തടയാനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ശരിയായ തീരുമാനമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതേസമയം, ലഹരിക്കടിമകളായവരെ പുനരധിവസിപ്പിക്കാനും മറ്റും മതിയായ സൗകര്യങ്ങളില്ലാത്തതും രാജ്യത്ത് വെല്ലുവിളിയാണ്. നിലവില്‍ ഫ്രീടൗണില്‍ മാത്രമാണ് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നൂറോളം കിടക്കകളുള്ള ഈ കേന്ദ്രം ഒരു സൈനിക പരിശീലന കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും തിടുക്കത്തിലാണ് ഇത് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.