1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2018

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്. സിഖുകാരായ തടവുകാര്‍ക്ക് മതചിഹ്നമായ തലപ്പാവ് ധരിക്കാന്‍പോലും അനുമതി നല്‍കുന്നില്ലെന്നാണ് ആരോപണം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദമായ ‘സീറൊ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായി പിടികൂടിയ തടവുകാരോടാണ് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റമെന്ന് സന്നദ്ധ നിയമ സംഘത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു.

ട്രംപിന്റെ കടുത്ത എമിഗ്രേഷന്‍ നിയമം രണ്ടായിരത്തോളം കുരുന്നുകളെ മാതാപിതാക്കളില്‍നിന്ന് ഒറ്റപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടികളുടെ കാര്യത്തില്‍ അനുഭാവ നിലപാട് സ്വീകരിക്കുന്ന ഉത്തരവ് ഇറങ്ങിയിരുന്നു.മതിയായ രേഖകളില്ലാതെ തങ്ങിയ 52 ഇന്ത്യന്‍ പ്രവാസികളാണ് ഒറിഡോണിലെ ഷെറിദാന്‍ ജയിലില്‍ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍നിന്നുള്ള സിഖുകാരാണെന്ന് ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകനും കമ്യൂണിറ്റി കോളജ് പ്രഫസറുമായ നവനീത് കൗര്‍ പറഞ്ഞു.

തങ്ങളെ അഭയകേന്ദ്രത്തിലേക്കോ അഗതിമന്ദിരത്തിലേക്കോ മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഓരോരുത്തര്‍ക്കും അവരുടെ മതാചാരം അനുഷ്ഠിക്കാന്‍ രാജ്യത്ത് നിയമമുണ്ടെന്നിരിക്കെ സിഖ് തടവുകാര്‍ക്ക് തുണിക്കഷണംപോലും തലയില്‍വെക്കാന്‍ അനുമതി നല്‍കുന്നില്ല. ദിവസം 22 മണിക്കൂറും സെല്ലില്‍ പാര്‍പ്പിച്ച ഇവരോട് മനുഷ്യത്വരഹിതമായാണ് അധികൃതര്‍ പെരുമാറുന്നതെന്നും നവനീത് വ്യക്തമാക്കി. തടവുകാരില്‍ ആരും ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല.

അവിടെ അവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് പറയപ്പെടുന്നത്. യു.എസില്‍ രാഷ്ട്രീയ അഭയമാണ് അവര്‍ ആഗ്രഹിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പും അനധികൃത താമസക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാറുണ്ടെങ്കിലും ഇത്രമ മോശമായ രീതിയില്‍ അവരോട് പെരുമാറിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചുമുമ്പ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തടവുകാരോട് സംസാരിക്കാന്‍ പ്രതിനിധികളെ അയച്ചിരുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായവാഗ്ദാനത്തോട് അവര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.