1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2023

സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ ലക്ഷ്യമിട്ട ഇന്ത്യൻ വേരുകൾ ഉള്ള ബ്രിട്ടീഷ് സിഖ് വംശജന്‍ കോടതിയിൽ കുറ്റം സമ്മതിച്ചു. 2021 ലെ ക്രിസ്മസ് ദിനത്തിലായിരുന്നു 21 വയസുകാരനായ ജസ്വന്ത് സിങ് ചെയിൽ എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ചത്. ലണ്ടൻ ഓള്‍ഡ് ബെയ്ലി കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചതിനെ തുടർന്ന് മാർച്ച്‌ 31 ന് ശിക്ഷ വിധിക്കും. അമ്പും വില്ലുമായി വിന്‍ഡ്സര്‍ കാസിലിലെ മൈതാനത്ത് നിന്നുമാണ് ജസ്വന്ത് സിങ് ചെയിലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ജസ്വന്ത് സിങ് മുഖം മൂടി ധരിച്ചിരുന്നു. ജസ്വന്തിനെ പിടികൂടുമ്പോൾ രാജ്ഞിയെ കൊല്ലാന്‍ എത്തിയതാണെന്നാണു പറഞ്ഞത്.

കൊട്ടാരത്തിൽ എത്തും മുൻപ് ഫോണിൽ നിന്ന് ഇരുപതിലധിക ആളുകൾക്ക് താൻ എലിസബത്ത് രാജ്ഞിയെ കൊല്ലാൻ പോകുകയാണെന്നു വിവരിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും അയച്ചിരുന്നു. ‘ഞാന്‍ ചെയ്തതിനും ചെയ്യാന്‍ പോകുന്ന കാര്യത്തിനും എന്നോട് ക്ഷമിക്കുക. രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയെ വധിക്കാനുള്ള ശ്രമത്തിനായി ഇറങ്ങുകയാണ്. 1919ലെ കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്കായുള്ള പകരം വീട്ടലാണിത്’ ഇങ്ങനെ ആയിരുന്നു വിഡിയോയിലെ ജസ്വന്ത് സിങ് ചെയിലിന്റെ സംഭാഷണം.

ഇന്ത്യയിലെ അമൃത്സറില്‍ 1919 ഏപ്രിൽ 13 ന് ഏകദേശം 379 സിഖുകാരെ ബ്രിട്ടീഷ് കോളനി സൈന്യം കൂട്ടക്കൊല ചെയ്ത ജാലിയന്‍വാലാ ബാഗ് സംഭവത്തെ കുറിച്ചാണ് ജസ്വന്ത് സിങ് ചെയിൽ സൂചിപ്പിച്ചത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല സംബന്ധിച്ച് ബ്രിട്ടന്‍ ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.

ജസ്വന്ത് സിങ് ചെയിൽ അമ്പും വില്ലുമായി എത്തുമ്പോള്‍ എലിസബത്ത് രാജ്ഞി കൊട്ടാരത്തിലുണ്ടായിരുന്നു. മകനും ഇപ്പോള്‍ രാജാവുമായ ചാള്‍സും മറ്റ് അടുത്ത കുടുംബാംഗങ്ങളും രാജ്ഞിയോടൊപ്പം ഉണ്ടായിരുന്നു. ‘സൂപ്പര്‍സോണിക് എക്സ്-വില്ലാണ്’ ചെയിലിന്റെ പക്കല്‍ നിന്നും അപ്പോൾ പിടിച്ചെടുത്തത്. കോടതിയിൽ രാജ്യദ്രോഹ കുറ്റപ്രകാരമാണ് ജസ്വന്ത് സിങ് കുറ്റം സമ്മതിച്ചത്.

പിടിക്കപ്പെടുന്ന സമയത്ത് ജോലി ഇല്ലായിരുന്നെങ്കിലും മുൻപ് ബ്രിട്ടനിലെ ഇന്ത്യൻ വംശജർ നടത്തുന്ന ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സെയിൽസ് മാനായിരുന്നു ജസ്വന്ത് സിങ്. ഇപ്പോൾ മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. വിഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. മുൻപ് ഇത്തരത്തിൽ രാജ്ഞിയെ വധിക്കാൻ ശ്രമിച്ചവരെ ജയിൽ ശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.