സ്വന്തം ലേഖകൻ: കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക് തെളിവുണ്ടന്നും വാദമുണ്ട്.
അതേസമയം, തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. കാനഡയിലെ ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ഇപ്പോഴത്തെ നയതന്ത്ര സംഘർഷത്തിനു കാരണമായത്.
നേരത്തെ, നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചിരുന്നു. ഇതു രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണം. ഇന്ത്യയെ പ്രകോപിപ്പിക്കുക ലക്ഷ്യമല്ല –ട്രൂഡോ ന്യൂയോർക്കിൽ പറഞ്ഞു. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി നൽകിയതുമില്ല.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ – കാനഡ ബന്ധം കൂടുതൽ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനകൾ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും ഉറച്ചു നിൽക്കുകയാണ്.
കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ കനേഡിയൻ പൗരൻമാർക്കു വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്കു നിർത്തിവച്ചിരുന്നു. ഇ–വീസ അടക്കം ഒരു തരത്തിലുള്ള വീസയും അനുവദിക്കില്ല. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ ലഭിക്കില്ല. സുരക്ഷാഭീഷണി മൂലം കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണു വീസ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിലവിൽ വീസയുള്ളവർക്കും ഒസിഐ കാർഡ് ഉള്ളവർക്കും മറ്റും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതിനു തടസ്സമില്ല.
ഇതിനിടെ, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി വിദേശകാര്യമന്ത്രാലയം നൽകിയ മുന്നറിയിപ്പ് കാനഡ തള്ളി. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണു കാനഡയെന്നും അവർ വ്യക്തമാക്കി. പ്രശ്നങ്ങൾക്കിടയിലും കാനഡയുടെ ഡപ്യൂട്ടി കരസേനാ മേധാവി മുൻനിശ്ചയിച്ച പ്രകാരം കരസേനാ കോൺക്ലേവിൽ പങ്കെടുക്കാൻ അടുത്തയാഴ്ച ഡൽഹിയിലെത്തുമെന്നാണു വിവരം. ഹർദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടു കാനഡ നടത്തുന്ന അന്വേഷണത്തെ യുഎസ് പിന്തുണച്ചു. കാനഡയെ യുഎസ് അവഗണിച്ചുവെന്ന വാദം തെറ്റാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല