സ്വന്തം ലേഖകൻ: കാനഡയില്‍ ഖലിസ്താൻ ഭീകരവാദി സുഖ ദുനേകയെ (സുഖ്ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ഫെയ്‌സ്ബുക്കിലൂടെയാണ് സുഖ്ദൂല്‍ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്തെത്തിയത്. മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി.
അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയാണെന്നും വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സംഘം ആരോപിക്കുന്നു. മയക്കുമരുന്നിനടിമയായ ദുനേക നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണമെന്നും പോസ്റ്റിലുണ്ട്.
കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുനേക കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡിയിലെത്തുന്നത്. ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പെട്ടിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു.
കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഖലിസ്താൻ ഭീകരവാദിയായിരുന്ന ഹര്‍ദിപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ ദുനേകയും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജൂണ്‍ 19നായിരുന്നു നിജ്ജറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു.
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും നടക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ട് എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല