1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളെയു ഒറ്റ നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ‘സില’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കി മുവാസലാത്ത്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്‌സി, ട്രാം ട്രെയിന്‍ തുടങ്ങിയ യാത്രാ സേവനങ്ങളെല്ലാം സില വഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം.

ഖത്തര്‍ റെയില്‍വെയ്‌സ്, മുവാസലാത്ത്, ഖത്തര്‍ ഫൗണ്ടേഷന്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസ് തുടങ്ങി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ബന്ധം എന്ന് അര്‍ഥം വരുന്ന അറബി വാക്കായ ‘സില’ നെറ്റ് വര്‍ക്ക് ആവിഷ്‌കരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ആപ്പും വെബ്‌സൈറ്റുമെല്ലാം കൂടിയതാണ് സില നെറ്റ് വര്‍ക്ക്. അടുത്തയാഴ്ച്ചയോടെ സിലയുടെ ആപ്പ് പുറത്തിറങ്ങും.

ആപ്പും വെബ്‌സൈറ്റും യാഥാര്‍ഥ്യമാവുന്നതോടെ ഖത്തറില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ യാത്ര പ്ലാന്‍ ചെയ്യാന്‍ അതുവഴി സാധിക്കും. ഉദ്ദേശിച്ച സ്ഥലത്ത് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്താനുതകുന്ന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇവ വഴി കഴിയുമെന്ന് ഖത്തര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സാങ്കേതിക വിഭാഗം ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍താനി പറഞ്ഞു. യാത്രക്കാരന് ഏറ്റവുമടുത്ത് ലഭ്യമാകുന്ന മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, മെട്രോ ട്രെയിന്‍ ടൈം ടേബിള്‍, ബസ് സമയം, എളുപ്പത്തിലുള്ള റൂട്ടുകള്‍ തുടങ്ങിയവയെല്ലാം ആപ്പ് വഴി കണ്ടെത്താം.

ജനങ്ങളുടെ ജോലി, കുടുംബം, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സ്മാര്‍ട്ടായതും സുസ്ഥിരവുമായ യാത്രാ മാര്‍ഗങ്ങളൊരുക്കുകയാണ് സിലയുടെ ലക്ഷ്യമെന്ന് ശെഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ത്താനി പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള പണമടച്ച് ടിക്കറ്റെടുക്കാന്‍ കഴിയുന്ന സേവനവും സില വഴി ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.