1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2023

സ്വന്തം ലേഖകൻ: പണപ്പെരുപ്പത്തെ ചെറുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച കര്‍ശന പണനയം അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നു. സിലിക്കണ്‍ വാലി(എസ്.വി.ബി)ബാങ്കിന്റെ പ്രതിസന്ധിക്കു പിന്നില്‍ കുത്തനെയുള്ള തുടര്‍ച്ചയായ നിരക്കു വര്‍ധനവാണ് കാരണം.

സ്റ്റാര്‍ട്ടപ്പുകള്‍, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയോടുചേര്‍ന്നാണ് ബാങ്കിന്റെ പ്രവര്‍ത്തനം. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് ബാങ്കിങ് സേവനം നല്‍കുകയും ചെയ്തിരുന്നു. ബാങ്കുകള്‍ സാധാരണ പ്രവര്‍ത്തിക്കുന്നതുപോല നിക്ഷേപം സ്വീകരിച്ചുതന്നെയാണ് എസ്.വി.ബിയും മുന്നോട്ടുപോയിരുന്നത്. രണ്ടുവര്‍ഷം മുമ്പത്തെ കുറഞ്ഞ പലിശ നിരക്കിന്റെ കാലത്ത് കോടിക്കണക്കിന് ഡോളറിന്റെ കടപ്പത്രങ്ങളാണ് ബാങ്ക് വാങ്ങിക്കൂട്ടിയത്.

ബ്ലൂംബര്‍ഗിന്റെ കണക്കുപ്രകാരം 12 മാസത്തിനിടെ ബാങ്കിന്റെ മൊത്തം നിക്ഷേപം 62 ബില്യണ്‍ ഡോളറില്‍നിന്ന് 124 ബില്യണ്‍(100% വര്‍ധന) ഡോളറായി. കാലിഫോര്‍ണിയയിലെതന്നെ ജെപി മോര്‍ഗന്റെ(24%)യും ഫെസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ(36.5%)യും നിക്ഷേപവരവിനെ മറികടന്നായിരുന്നു ഈകുതിപ്പ്.

വന്‍തോതില്‍ നിക്ഷേപമെത്തിയതിനെ തുടര്‍ന്നാകാം എസ്.വി.ബിയിലെ വലിയൊരു ശതമാനം നിക്ഷേപത്തിനും പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല. ബാങ്കിന്റെ ഉയര്‍ന്ന ആസ്തി നിലവാരംകൊണ്ട് റെഗുലേറ്ററി കടമ്പകളെല്ലാം ആനായാസം മറികടക്കാനുമായി. നിക്ഷേപങ്ങളെല്ലാം മഞ്ഞുമലപോലെയായിരുന്നു. രൂപപ്പെട്ട പ്രതിസന്ധി ഉപരിതലത്തിലുള്ളതിനേക്കാള്‍ ആഴമേറിയതായിരുന്നു.

കടപ്പത്ര നിക്ഷേപം താരതമ്യേന സുരക്ഷിതമാണെങ്കിലും ഫെഡിന്റെ നയം അപ്രതീക്ഷിത തിരിച്ചടിയായി. പലിശ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ കടപ്പത്രങ്ങളുടെ ആദായം കുതിച്ചുയര്‍ന്നു. സ്വാഭാവികമായും നേരത്തെ നിക്ഷേപം നടത്തിയ ബോണ്ടുകളുടെ ആദായം കുത്തനെ താഴെപോകുകയും ചെയ്തു. കാലാവധി പൂര്‍ത്തിയാകുംവരെ സൂക്ഷിച്ചുവെച്ചിരുന്ന കടപ്പത്രങ്ങളുടെ വിപണി നഷ്ടം 2022 ഡിസംബറോടെ 15 ബില്യണ്‍ ഡോളറിലധികമായി.

കൈവശമുള്ള കടപ്പത്രങ്ങള്‍ വിറ്റൊഴിയാതെ ദീര്‍ഘകാലം കൈവശം വെച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു. അങ്ങനെതന്നെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്തുവരുന്നതും. എസ്.വി.ബിക്ക് അതിന് കഴിയാതെ പോയതാണ് തിരിച്ചടിയായത്. സിലിക്കണ്‍ വാലിയുടെ ഭൂരിഭാഗംവരുന്ന ഉപഭോക്താക്കളായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക് അധിഷ്ഠിത കമ്പനികള്‍ക്കും കൂടുതല്‍ പണം ആവശ്യമായിവന്നു.

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങ് ഇല്ലാതായതോടെ പണലഭ്യതക്കുറവില്‍ കമ്പനികള്‍ ശ്വാസംമുട്ടി. ധനസമാഹരണത്തിനുള്ള വഴികളടഞ്ഞപ്പോഴാണ് അവര്‍ സിലിക്കണ്‍ വാലിയിലേയ്ക്ക് തിരിഞ്ഞത്. കമ്പനികള്‍ വന്‍തോതില്‍ പണം പിന്‍വലിക്കാനെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി.

ആസ്തികള്‍ വില്‍ക്കുകയെന്നതുമാത്രമായിരുന്നു ബാങ്കിനു മുന്നിലുള്ള ഒരേയൊരു വഴി. വന്‍കിട ബിസിനസുകാരും അതിസമ്പന്നരുമായിരുന്നു സിലിക്കണ്‍ വാലി ബാങ്കിന്റെ ഉപഭോക്താക്കള്‍. ഡെപ്പോസിറ്റിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിരക്ഷയായ 2,50,000 ഡോളറിനും എത്രയോ മുകളിലായിരുന്നു ഇവരുടെ നിക്ഷേപം.

ഇക്കാര്യം അറിയാമായിരുന്ന നിക്ഷേപകരില്‍ പലരും ബാങ്കിന്റെ തകര്‍ച്ച മുന്നില്‍ കണ്ടു. കടപ്പത്രങ്ങള്‍ കുറഞ്ഞ മൂല്യത്തില്‍ ബാങ്കിന് വില്‍ക്കേണ്ടിവന്നു. പരിധിവിട്ട് ആസ്തികള്‍ വിപണിയിറക്കിയതോടെ ഘട്ടംഘട്ടമായി ബാങ്ക് പ്രതസന്ധിയിലേയ്ക്ക് നീങ്ങി. അധിക മൂലധന സമാഹരണ ശ്രമങ്ങള്‍ വിജയിച്ചുമില്ല.

ബാങ്കിങ് മേഖലയാകെ എസ്.വി.ബി പ്രതിസന്ധി വ്യാപിക്കാന്‍ ഇടയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ള കമ്പനികള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രമായി സേവനം നല്‍കുന്ന സ്ഥാപനമെന്ന നിലയിലാണ് ഈ കണക്കുകൂട്ടല്‍. വൈവിധ്യത്താല്‍ കെട്ടുറപ്പുള്ളതാണ് മറ്റ് ബാങ്കുകളുടെ അടിത്തറ.

വ്യത്യസ്ത മേഖലകളിലെ വ്യവസായങ്ങള്‍, ഉപഭോക്താക്കളുടെ വൈവിധ്യം, വിവിധ രാജ്യങ്ങളിലെ സാന്നിധ്യം എന്നിവതന്നെയാണ് അതിന് കാരണം. മാന്ദ്യത്തേയോ തൊഴിലില്ലായ്മയെയോ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് വന്‍കിട ബാങ്കുകളില്‍ ഫെഡ് റിസര്‍വ് നടത്തിയ ആഘാത പഠനത്തില്‍ നേരത്തെ ബോധ്യമായിരുന്നു. എങ്കിലും ഈ പ്രതിസന്ധിയുടെ മൂലകാരണം വിസ്മരിക്കാനാവില്ല. ഫെഡിന്റെ കര്‍ശന നയംമൂലം രൂപപ്പെട്ട പ്രതിസന്ധികളിലൊന്നായി ഇതിനെ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.