1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2019

സ്വന്തം ലേഖകന്‍: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്‌കര്‍; കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയെ രക്ഷിക്കാമായിരുന്നു; ഹൃദ്രോഗമുള്ള ആളാണെന്നാണ് കൂടെയുള്ളവര്‍ അറിയിച്ചതെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍.സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ഭാര്യ പറഞ്ഞു.

മരണത്തിന് തൊട്ടുമുന്‍പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്നും അവസാനനിമിഷങ്ങളില്‍ കൃത്യമായ പരിചരണം കിട്ടിയില്ലെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു. തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ വാഹനത്തില്‍ ഓക്‌സിജനുണ്ടായിരുന്നില്ല. ഓക്‌സിജനുള്ള ആംബുലന്‍സ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അത് ഇല്ലാത്ത വാഹനമാണ് കൊണ്ടുവന്നതെന്നും സീന പറയുന്നു.

സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി. മരണത്തിന് തൊട്ടുമുന്‍പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതയുണ്ടെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു. താന്‍ സൈമണ്‍ ബ്രിട്ടോയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. അവസാന നിമിഷങ്ങളില്‍ ബ്രിട്ടോ ഒരുപാട് വിഷമിച്ചിരുന്നതായും ഭാര്യ പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെ ഹാര്‍ട്ട് പേഷ്യന്റായി എന്ന് തനിക്കറിയില്ലെന്നും സീന ഭാസ്‌ക്കര്‍ പറഞ്ഞു.

അതിനിടെ സൈമണ്‍ ബ്രിട്ടോയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ അസീസ് വെളിപ്പെടുത്തി. ഹൃദ്രോഗമുള്ള ആളാണെന്നാണ് കൂടെയുള്ളവര്‍ അറിയിച്ചത്. കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങള്‍ വച്ച് ചികിത്സ നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. അതുകൊണ്ടുതന്നെ, കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി. സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍ ആരോപിച്ചതിന് പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.