1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

സ്വന്തം ലേഖകന്‍: അറബ് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അസ്വാരസ്യങ്ങള്‍ നേരിടാന്‍ പൊതുസൈന്യം രൂപീകരിക്കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി അറിയിച്ചു. ഈജിപ്തില്‍ രണ്ടു ദിവസത്തെ അറബ് ഉച്ചകോടിക്ക് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് ലോകത്തിനെതിരെ വര്‍ദ്ധിച്ചു വരുന്ന വെല്ലുവിളികള്‍ നേരിടാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പുതിയ ഏകീകൃത അറബ് സേന ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലിബിയയിലും സിറിയയിലും ശക്തമായി കൊണ്ടിരിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യാന്‍ അറബ് ലോകത്തിന്റേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും സഹകരണത്തിനും സിസി ആഹ്വാനം ചെയ്തു.

നേരത്തെ ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ തലയറുത്തു കൊന്നതിനെ തുടര്‍ന്ന് സിസി ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണത്തിന് ഉത്തരവിട്ടിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ എല്ലാ പ്രധാന അറബ് രാജ്യങ്ങളിലേയും പട്ടാളത്തലവന്മാര്‍ കൂടിയിരുന്നു വിശദമായ ഒരു പദ്ധതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് സിസി അറിയിച്ചു.

40,000 സൈനികരാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സേനയില്‍ ഉണ്ടാകുക. ഒപ്പം യുദ്ധ വിമാനങ്ങളും, പോര്‍ കപ്പലുകളും, മറ്റ് ആയുധ സന്നാഹങ്ങളും ഉണ്ടാകും. എന്നാല്‍ അറബ് ലീഗിലെ എല്ലാ രാജ്യങ്ങളും ഈ നീക്കത്തെ പിന്തുണക്കുന്ന കാര്യം സംശയമാണ്. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാക്കിലെ ഷിയാ ചായ്‌വുള്ള സര്‍ക്കാര്‍ നിയുക്ത സേനയെ കുറിച്ച് ആലോചിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദിയുടെ നേതൃത്വത്തില്‍ അറബ് സംയുക്ത സേന യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ ആക്രമണം തുടങ്ങിയതാണ് സംയുക്ത അറബ് സൈന്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാകാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.