1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2021

സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസില്‍ മംബൈ ഹൈക്കോടതിയുടെ വിവാദ വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. വസ്‌ത്രം മാറ്റി ചര്‍മ്മത്തില്‍ തൊടാതെ കുട്ടിയുടെ ദേഹത്ത്‌ മോശം രീതിയില്‍ സ്‌പര്‍ശിക്കുന്നത്‌ ലൈഗിക പീഡനമാകില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി. തൊലിപ്പുറത്ത്‌ തൊടാതെയുള്ള ലൈംഗീകാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയും ഇതോടെ റദ്ദായി. നാഗ്‌പൂര്‍ ബഞ്ചിലെ ജസ്റ്റിസ്‌ പുഷ്‌പ ഗണേധിവാലയുടെ സിംഗിള്‍ ബഞ്ചാണ്‌ വിവാദ വിധി പ്രസ്‌താവിച്ചത്‌.

വിധിക്കെതിരെ മൂന്ന്‌ വനിത അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ്‌ പെറ്റീഷന്‍ പരിഗണിച്ചാണ്‌ സുപ്രീം കോടതി വിധ്‌ സ്‌റ്റേ ചെയ്‌തത്‌. ചീഫ്‌ ജസ്റ്റിസ്‌ എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ഹര്‍ജി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പിന്തുണച്ചു. ഇത്‌ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്‌ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനസ്ഥാപിക്കുകയും രണ്ടാഴ്‌ച്ചക്കകം പ്രതിയോട്‌ തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. കേസില്‍ കൃത്യമായ ഒരു ഹര്‍ജി തയാറാക്കി സമര്‍പ്പിക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ അറ്റോര്‍ണി ജനറലിനോട്‌ നിര്‍ദേശിച്ചു.

31വയസുള്ള ഒരാള്‍ 12 വയസുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ്‌്‌ പരിഗണിക്കവെയാണ്‌ മുംബൈ ഹൈക്കോടതിയുടെ നാഗപൂര്‍ ബഞ്ച്‌ വിവാദ പരാമര്‍ശം നടത്തിയത്‌. പേരയ്‌ക്ക തരാമെന്ന്‌ പറഞ്ഞ്‌ വീടിനകത്ത്‌ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചെന്നാണ്‌ കേസ്‌. പെണ്‍കുട്ടി അമ്മയോട്‌ വിവരങ്ങള്‍ പറഞ്ഞതോടെയാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്യാനായത്‌. കേസില്‍ പ്രതിയെ പോക്‌സോ കേസ്‌ ചുമത്താതെ ലൈംഗിക ആക്രമണം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ്‌ ചുമത്തി ഒരുവര്‍ഷത്തെ തടവു ശിക്ഷമാത്രമാണ്‌ ജഡ്‌ജി വിധിച്ചത്‌.

കേസ്‌ പരിഗണിക്കവേ വളരെ വിചിത്രമായ പരാമര്‍ശങ്ങളാണ്‌ കോടതി ഉന്നയിച്ചത്‌. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി വസ്‌ത്രം മാറ്റി സ്‌പര്‍ഷിക്കണമായിരുന്നു. പ്രതി മാറിടത്തില്‍ പിടിച്ചെന്ന്‌ പറയുന്നത്‌ വസ്‌ത്രത്തിന്‌ പുറത്ത്‌ കൂടിയാണ്‌ . ഇത്‌ ലൈംഗികാത്‌ക്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വസ്‌ത്രത്തിന്റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തില്‍ സ്‌പര്‍ശിക്കുകയോ ചെയ്‌താല്‍ മാത്രമേ പോക്‌സോ ചുമത്താനാകൂ എന്നുമാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ജഡ്‌ജി ജസ്‌റ്റിസ്‌ പുഷ്‌പ ഗണേധിവാല പോക്‌സോ നിയമത്തിലെ അനുബന്ധ വകുപ്പിന്റെ നിര്‍വചനത്തെ വ്യാഖ്യാനിച്ചത്‌.

രാജ്യത്തിന്റെ ഭാവി ലൈംഗിക അതിക്രമ കേസുകളുടെ വിചാരണകളെ നിര്‍ണായകമായി ബാധിക്കാനിടയുള്ള വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ്‌ യൂത്ത്‌ ബാര്‍ അസോസിയോഷനിലെ വനിതാ അഭിഭാഷകര്‍ സ്‌പെഷ്യല്‍ ലീവ്‌ പെറ്റിഷന്‍ സമര്‍പ്പിച്ചത്‌. ജസ്റ്റിസ്‌ പുഷ്‌പ ഗണേധിവാല തന്റെ പന്ത്രണ്ടാം ഖണ്ഡികയില്‍ ഇരയുടെ പേര്‌ എടുത്തെഴുതിയതിലൂടെ നടത്തിയിരിക്കുന്നത്‌ ഐപിസ്‌ 228 A വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അഡ്വ. മഞ്‌ജു ജെര്‍ലി, അഡ്വ.സംപ്രീത്‌ സിംഗ്‌ അജ്‌മാനി എന്നിവര്‍ ചേര്‍ന്ന്‌ ഹര്‍ജി ഫയല്‍ ചെയ്‌തത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.