
സ്വന്തം ലേഖകൻ: സുസ്ഥിര വികസനപാതയിൽ നവീന മാതൃകയിലുള്ള ഹൈഡ്രജൻ കാർ അവതരിപ്പിച്ച് എക്സ്പോയിലെ സ്ലൊവാക്യൻ പവിലിയൻ. കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹാർദ ഹൈഡ്രജൻ സാങ്കേതികതയിലാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. നിലവിൽ വിപണിയിലുള്ള സൂപ്പർകാറുകളെ വെല്ലും വിധത്തിലുള്ള രൂപഭംഗിയാണ് ഇതിന്.
എക്സ്പോയിലെത്തുന്ന വാഹനപ്രേമികൾക്ക് മറക്കാനാകാത്ത വിരുന്നാണ് ഇത് നൽകുന്നത്. ‘എം.എച്ച് – 2’ എന്ന ഹൈഡ്രജൻ കാർ രൂപകൽപന ചെയ്തത് സ്ലൊവാക്യൻ ഡിസൈനറായ ബ്രാനിസ്ലാവ് മൗക്സാണ്. 2007 മുതൽ ഫെറാരി കാറുകളുടെ മാതൃകയുടെ രൂപകൽപന നിർവഹിക്കുന്നതും ബ്രാനിസ്ലാവാണ്. സുസ്ഥിര യാത്രസംസ്കാരം ലോകത്തിന് സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാഹനം പ്രദർശിപ്പിക്കുന്നത്.
യു.എ.ഇ. അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, റിപ്പബ്ലിക് ഓഫ് സ്ലോവാക്യ പ്രധാനമന്ത്രി എഡ്‌വേഡ് ഹെഗെർ എന്നിവരുടെ സാന്നിധ്യത്തിലാണ് വാഹന പ്രദർശനത്തിന് തുടക്കം കുറിച്ചത്.
ജലകണത്തിന്റെ ഭാഗമായ ഹൈഡ്രജൻ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന വാഹനമായതിനാൽ ജലകണത്തിന്റെ കാഴ്‌ചയിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള മാതൃകയും നിറവുമാണ് വാഹനത്തിൽ പരീക്ഷിച്ചിരിക്കുന്നതെന്ന് ഡിസൈനർ പറഞ്ഞു. ഓട്ടത്തിന് തയ്യാറെടുത്തുനിൽകുന്ന അത്‌ലറ്റിന്റെ ഭാവമാണ് ഈ വാഹനത്തിന്. മാറ്റഡോർ ഗ്രൂപ്പുമായി ചേർന്നാണ് വാഹനം നിർമിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല