1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2024

സ്വന്തം ലേഖകൻ: 2009ന് ശേഷം ജനിച്ച, ആല്‍ഫ തലമുറ എന്ന് പരാമര്‍ശിക്കപ്പെടുന്ന തലമുറയില്‍ പെട്ടവര്‍ക്കിടയില്‍ പുകവലി നിരോധിക്കുവാനുള്ള ഋഷി സുനകിന്റെ ധീരമായ ചുവടുവയ്പ് ഇന്നലെ, ലക്ഷ്യത്തിന് ഒരുപടി കൂടി അടുത്തെത്തി. ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആല്‍ഫ തലമുറയില്‍ പെട്ട ആര്‍ക്കും നിയമപരമായി പുകയിലയും പുകയിലെ ഉത്പന്നങ്ങളും വാങ്ങാന്‍ കഴിയില്ല. നിയമപരമായി സിഗരറ്റ് വാങ്ങാന്‍ അനുവാദമുള്ളവരുടെ പ്രായപരിധി ഓരോ വര്‍ഷം കഴിയുന്തോറും ഒരു വര്‍ഷം വീതം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ നിയമം.

2009 ജനുവരി 1 ന് ശേഷം ജനിച്ച ആര്‍ക്കും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതാണ് പുതിയ ടുബാക്കൊ ആന്‍ഡ് വെയ്പ്‌സ് ബില്‍. എന്നാല്‍, ഈ നിയമം പുകവലി പൂര്‍ണ്ണമായും നിരോധിക്കുന്നില്ല. ഇപ്പോള്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിയമപരമായി അനുവാദമുള്ളവര്‍ക്ക് ഈ ബില്‍ പാസ്സായി പ്രാബല്യത്തില്‍ വന്നതിന് ശേഷവും അത് തുടരാം. ഫ്‌ലേവറുകള്‍ നിയന്ത്രിക്കുന്നതിലും, അതുപോലെ വേയ്പുകളുടെ പ്രചാരണം നിയന്ത്രിക്കുന്നതിലും മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്നതു കൂടിയാണ് പുതിയ ബില്‍.

അതായത്, നിക്കോട്ടിന്‍ അടങ്ങിയ വേയ്പുകള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വരും. മധുര പലഹാരങ്ങള്‍ പോലുള്ളവയുടെ സമീപത്തായി ഇവ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം വരും. കുട്ടികള്‍ക്ക് ഇടയില്‍ മഹാമാരി പോലെ പടര്‍ന്ന് പിടിച്ച് ഇ- സിഗരറ്റ് ഭ്രമം തടയുക എന്നതാണ് പ്രധാന ഉദ്ദേശ്യം. മാത്രമല്ല, ഫ്‌ലേവറുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും എന്ന് മാത്രമല്ല, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു പോലെ പ്ലെയിന്‍ പാക്കറ്റുകളില്‍ മാത്രമെ ഇവ വില്‍ക്കാനും കഴിയുകയുള്ളു. നിയമങ്ങള്‍ ലംഘിക്കുന്ന ഷോപ്പുടമകള്‍ക്ക് 100 പൗണ്ടിന്റെ തത്സമയ പിഴ ചുമത്തുന്നതിനുള്ള അധികാരം പ്രാദേശിക കൗണ്‍സിലുകള്‍ക്ക് നല്‍കുകയും ചെയ്യും.

കുട്ടികളുടെ ഭാവി കൂടുതല്‍ മെച്ചപ്പെട്ടതും ശോഭനീയവുമാക്കുന്നതിനാണ് ഈ പുതിയ നിയമം എന്ന് കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഋഷി സുനാക് പറഞ്ഞിരുന്നു. 2027 മുതല്‍, പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഓരോ വര്‍ഷമായി വര്‍ദ്ധിപ്പിച്ച്, ഘട്ടം ഘട്ടമായി പുകയില നിരോധനം കൊണ്ടു വരിക എന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യം. ഇത് നടപ്പായാല്‍ 2075 ആകുമ്പോള്‍ പുകവലിക്കാരുടെ എണ്ണത്തില്‍ 17 ലക്ഷം പേറുടെ കുറവ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ഇത് ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കും എന്ന് മാത്രമല്ല, ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങള്‍, ശ്വാസകോശാര്‍ബുധം തുടങ്ങിയ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 1,15,000 പേരുടെയെങ്കിലും കുറവ് വരുത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. മുന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി മേധാവി ജാവേദ് ഖാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം പുകവലി നിരോധനം എന്ന നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ 2030 ഓടെ പുകവലി മുക്ത രാജ്യം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഏഴ് വര്‍ഷം കൂടുതല്‍ വൈകുമെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പുകവലി മുക്ത തലമുറയെ സൃഷ്ടിക്കുന്ന ഈ നിയമത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുകയാണ് ആരോഗ്യ പ്രവര്‍ത്തകരും എന്‍ എച്ച് എസ് മേധാവികളും. ജൂണ്‍ മധ്യത്തോടെ പ്രഭു സഭയില്‍ ഇതിന്റെ മൂന്നാം റീഡിംഗ് നടക്കുമ്പോഴായിരിക്കും ഈ നിയമത്തിന് മേലുള്ള അന്തിമ വോട്ടിംഗ് എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, അതിനു മുന്‍പായി ജനപ്രതിനിധി സഭയില്‍ ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. ഇന്നലെയായിരുന്നു ആദ്യ വോട്ടിംഗിനുള്ള അവസരം. പിന്നീട് ഭേദഗതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവയെല്ലാം ഉള്‍പ്പെടുത്തി ഏപ്രില്‍ അവസാനത്തോടെ വീണ്ടും പാര്‍ലമെന്റില്‍ ഇത് കൊണ്ടുവരും. പിന്നീട് മെയ് മാസത്തിലും, മൂന്നാം റീഡിംഗിന് ശേഷം ജൂണിലും വോട്ടിംഗ് നടക്കും.

അതേസമയം, കര്‍ക്കര്‍ശക്കാരനായ കാരണവരുടെ ഭാഗമാണ് സര്‍ക്കാര്‍ സ്വയം ഏറ്റെടുക്കുന്നതെന്ന് ഇതിന്റെ വിമര്‍ശകര്‍ പറയുന്നു. ഈ നിയമം പാസ്സാക്കിയാല്‍ അത് തിരിച്ചടിക്കുമെന്നും വലിയ തോതിലുള്ള കരിഞ്ചന്തക്ക് വഴിയൊരുക്കുമെന്നും ചില എം പിമാര്‍ ഉള്‍പ്പടെ ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പുകയിലയില്‍ തുടങ്ങുന്ന നിരോധനം പിന്നീട് പഞ്ചസാരയിലേക്കും, കഫീനിലേക്കും, മദ്യത്തിലേക്കും ആരോഗ്യ രംഗത്തെ പ്രമുഖര്‍ കൊണ്ടു വന്നേക്കാം എന്നാണ് ചിലര്‍ ഭയക്കുന്നത്. നിഗെല്‍ ഫാരാജെ, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ പരസ്യമായി തന്നെ ഈ നിയമത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ശുദ്ധ വിഢിത്തമാണ് ഈ നിരോധനം എന്നായിരുന്നു ബോറിസ് ജോണ്‍സന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.