1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

ചൈല്‍ഡ് കെയറിനായി ബ്രിട്ടണിലെ മാതാപിതാക്കള്‍ ചെലവാക്കേണ്ടി വരുന്ന തുക ചില അവസരങ്ങളില്‍ ശമ്പളത്തേക്കാള്‍ ഏറെയായതിനാല്‍ ജോലിക്ക് പോകാതെയിരിക്കുന്നതാണ് നല്ലതെന്ന തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. ബ്രിട്ടണിലെ വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ഇടത്തരം കുടുംബങ്ങളെയും കുടിയേറ്റക്കാരെയുമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി ബാധിക്കുകയെന്ന് ഫാമിലി ആന്‍ഡ് ചൈല്‍ഡ് കെയര്‍ ട്രസ്റ്റ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

രണ്ട് വയസ്സുവരെയുള്ള കുട്ടികളെ നോക്കുന്ന ഡേ കെയര്‍ സെന്ററുകള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈടാക്കിയതിനെക്കാള്‍ മൂന്ന് ഇരട്ടി ഫീസാണ് ഇപ്പോള്‍ ഈടാക്കുന്നത്. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ നോക്കുന്ന ചൈല്‍ഡ് കെയര്‍ സെന്ററില്‍ ഒരു വര്‍ഷം മാതാപിതാക്കള്‍ ചെലവാക്കേണ്ടി വരുന്നത് 6000 പൗണ്ടാണ്. ഇതാദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന തുക കുട്ടികളുടെ പരിപാലനത്തിനായി ചെലവഴിക്കേണ്ടി വരുന്നത്. ദേശീയ ശരാശരി എന്നത് 115.45 പൗണ്ട് (ഒരാഴ്ച്ച) എന്നാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണിത്.

ബ്രിട്ടണിലെ സ്ത്രീകള്‍ കൂടുതലായി ജോലിക്ക് പോയി തുടങ്ങിയതാണ് കുട്ടികളെ നോക്കാനുള്ള ഡേ കെയര്‍ സെന്ററുകളില്‍ തിരക്ക് കൂടാന്‍ കാരണമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതുകൊണ്ട് തന്നെയാണ് ചെലവും വര്‍ദ്ധിച്ചത്. പകുതിയില്‍ താഴെ കൗണ്‍സിലുകള്‍ക്ക് മാത്രമാണ് ജോലിയുള്ള മാതാപിതാക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കുട്ടികളെ നോക്കാനുള്ള സൗകര്യങ്ങളുള്ളത്.

സര്‍ക്കാര്‍ ശിശു പരിപാലനത്തിനായി ജോലിയുള്ളവര്‍ക്ക് നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ ചെലവാകുന്നതിന്റെ പകുതി പോലുമില്ലെന്നാണ് കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ഇത് ജോലി ഉപേക്ഷിക്കുന്നതിനും വീട്ടിലിരുന്ന് കുട്ടികളെ നോക്കുന്നതിനും പലരെയും പ്രേരിപ്പിക്കുന്നു. ഒരാളുടെ മാത്രം വരുമാനം കൊണ്ട് ജീവിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്‌നങ്ങളിലൂടെയും കടന്ന് പോയി പലരും സാമ്പത്തിക പ്രതിസന്ധിയിലുമാകാറുണ്ട്. ബ്രിട്ടണില്‍ താമസിക്കുന്ന മലയാളികളായ ആളുകള്‍ ഇതിന് പരിഹാരമായി നാട്ടില്‍നിന്ന് വേണ്ടപ്പെട്ടവരെ കൊണ്ടുവരും. നാട്ടില്‍നിന്നുള്ളവര്‍ കുട്ടികളെ നോക്കുമ്പോള്‍ മാതാപിതാക്കള്‍ ജോലിക്ക് പോകും. കുട്ടികളെ നാട്ടിലാക്കി പോരുന്നവരും കുറവല്ല.

ഫ്രാന്‍സ് ജര്‍മ്മനി പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ശിശി പരിപാലനത്തിന്റെ കാര്യത്തില്‍ നേരിടേണ്ടി വരുന്നത് യാതനയാണ്. ഫ്രാന്‍സില്‍ ഇത് നിയമത്തിന്റെ സുരക്ഷയ്ക്കുള്ളില്‍ വരുന്നതാണ്. സര്‍ക്കാരാണ് എത്ര പണം കുട്ടികളെ നോക്കുന്നതിനായി കൊടുക്കണം എന്ന് തീരുമാനിക്കുന്നത്. ജര്‍മ്മനിയില്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഡേ കെയര്‍ സൗജന്യമാണ്. കഴിഞ്ഞയിടക്കാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിയമം പാസാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.