സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. വളരെ ഉപകാരപ്രദമായ ധാരാളം കാര്യങ്ങള്‍ ചെയ്യുമ്പോഴും, ചുരുക്കം ചിലരെങ്കിലും ഈ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഇത്തരം ദുരുപയോഗങ്ങള്‍ക്ക് കൂടുതലായി ഇരകളാകുന്നത് കുട്ടികളുമാണ്. ഇത് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
കുട്ടികളെ സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതും നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക്ക് ഉടമകളായ മെറ്റ, തങ്ങളുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി, ബ്രിട്ടനില്‍, 16 ല്‍ നിന്നും 13 ആയി കുറച്ചത്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ തീരുമാനമായിരുന്നു ഇത്. ഇപ്പോള്‍ സര്‍ക്കാരിന് മുന്‍പില്‍ വന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ മാസം അവസാനിക്കുന്നതിന് മുന്‍പായി പ്രസിദ്ധപ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെക്നോളജി സെക്രട്ടറി മിഷേല്‍ ഡൊനെലന്‍ ആണ് ഈ9 നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുള്ളത് എന്നറിയുന്നു.
ഋഷി സുനകിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് വില്‍ ടാനറും ഇതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത്, മുകളില്‍ നിന്നു തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഏത് പ്രായം മുതല്‍ കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് തുടങ്ങണം എന്നതുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കളുമായി കണ്‍സള്‍ട്ടേഷനും ഉണ്ടായിരിക്കും. അതോടൊപ്പം, കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ രക്ഷകര്‍ത്താക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധം ഏതെങ്കിലും അധിക സുരക്ഷാ സംവിധാനം ഒരുക്കണമോ എന്ന കാര്യവും കണ്‍സള്‍്യുട്ടേഷനില്‍ ഉള്‍പ്പെടുത്തും എന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണ്‍ലൈനിലെ അക്രമങ്ങള്‍ നിറഞ്ഞ സംഭവങ്ങള്‍ കണ്ട്, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രണ്ട് 15 വയസ്സുകാരാല്‍ കൊല്ലപ്പെട്ട രണ്ടുവയസ്സുകാരി ബ്രിയാന്ന ഘേയുടെ അമ്മയാണ് 16 വയസ്സില്‍ താഴെയുള്ളവരുടെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കണമെന്ന ശക്തമായ പ്രചാരണവുമായി രംഗത്തുള്ളത്. മുന്‍ ഉപ പ്രധാനമന്ത്രിയും മെറ്റയുടെ ഗ്ലോബ്ബല്‍ അഫയേഴ്‌സ് പ്രസിഡന്റുമായ സര്‍ നിക്ക് ക്ലെഗ്ഗുമായി വരും ആഴ്ച്ചകളില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല