സ്വന്തം ലേഖകൻ: ഒമാനിൽ സാമൂഹിക മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികൾക്ക് എതിരെ നടപടികൾ സ്വീകരിച്ചതായും വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാർക്കറ്റിങ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ നടത്തുന്നതിന് ഒമാനിൽ ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് ഇടപാടുകളും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതോടൊപ്പം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കുക, സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണനവും പ്രമോഷന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
എഴുത്ത്, വര, ചിത്രങ്ങൾ, ചിഹ്നങ്ങൾ, ശബ്ദം എന്നിവ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രമോഷനും കാമ്പയിനും ഉപയോഗിക്കുന്നത് ഇതിന്‍റെ പരിധിയിൽ വരുമെന്ന് അധികൃതർ ചൂണ്ടികാണിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ മാർക്കറ്റിങ്ങിനും പ്രമോഷനും കാമ്പയിനും നടത്തുന്നതിന് ഈ വർഷം മാർച്ച് മുതൽ ഒക്‌ടോബർ വരെ നൽകിയത് ആകെ 1,080 ലൈസൻസുകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല