1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ്19 പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നഗരസഭ മേയര്‍ കെ. ശ്രീകുമാറും ആരോഗ്യമന്ത്രിയോടൊപ്പം സി.എഫ്.എല്‍.ടി.സി.യിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുമെന്നും ഈ അവസ്ഥ മുന്നില്‍ കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകളും തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരേണ്ടതാണ്. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. ക്ലസ്റ്ററുകള്‍ കൂടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് – മന്ത്രി കെ. കെ. ശൈലജ പറഞ്ഞു.

മൂന്നാം ഘട്ടത്തിന്റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണെന്നും ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് അപായമുണ്ടാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കാര്യവട്ടത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇത്തരം സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരേണ്ടതാണെന്നും കഠിനപ്രയത്‌നത്തിലൂടെ കോവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 18) അര്‍ദ്ധരാത്രി മുതല്‍ 10 ദിവസത്തേക്കാണ് (ജൂലൈ 28 അര്‍ദ്ധരാത്രിവരെ) നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരു തരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു.

തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടവ മുതല്‍ പെരുമാതുറ (സോണ്‍ 1) വരെയും പെരുമാതുറ മുതല്‍ വിഴിഞ്ഞം (സോണ്‍ 2) വരെയും വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ (സോണ്‍ 3) വരെയുമായാണ് തിരിച്ചിരിക്കുന്നത്.

മൂന്നു സോണുകളിലും റവന്യു- പോലീസ്- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ക്വിക്ക് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്നും ഈ ടീമിനെ തഹസില്‍ദാര്‍ രൂപീകരിക്കുകയും ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥന്‍ ടീമിനെ നയിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അവരവരുടെ വകുപ്പുകളിലെ ഓരോ ജീവനക്കാരുടെ വീതം സേവനം ഉറപ്പാക്കും. ഇന്‍സിഡന്റ് കമാന്റര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് 24 മണിക്കൂറും ടീം പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍, ആംബുലന്‍സ്, യാത്രാ സൗകര്യം, ഭക്ഷണം എന്നിവ ടീം ഉറപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളു. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലും അനാവശ്യ യാത്ര അനുവദിക്കില്ലെന്നും ഇക്കാര്യം പോലീസ് ഉറപ്പുവരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി ജൂലൈ 17-ന് പുറത്തിറക്കിയ ഉത്തരവനുസരിച്ചു വേണം പോലീസ് പ്രവര്‍ത്തിക്കാനെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.