സ്വന്തം ലേഖകൻ: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശനിയാഴ്ചയാണ് ഡൽഹി സാകേത് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.
സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നീ അഞ്ചുപ്രതികളാണ് പോലീസിന്റെ പിടിയിലായിരുന്നത്. അഞ്ചുപ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആദ്യത്തെ നാലുപ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
കേസിലെ അഞ്ച് പ്രതികള്‍ക്കെതിരേയും കോടതി മോക്ക നിയമപ്രകാരമുള്ള (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) കുറ്റവും ചുമത്തിയിരുന്നു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും പ്രതികളെ സഹായിച്ചതിനുമാണ് അഞ്ചാംപ്രതി അജയ് സേത്തി കേസില്‍ പിടിയിലായത്. ഇയാൾക്ക് മൂന്ന് വർഷം തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
പ്രതികള്‍ നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്ന കാര്യം കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതികളുടെ സാമൂഹ്യവും സാമ്പത്തികവുമായ പശ്ചാത്തലങ്ങള്‍ കണക്കിലെടുത്ത് ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് പ്രതികളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.
2008 സെപ്‌റ്റംബർ 30-ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ (ഇപ്പോൾ ഇന്ത്യാ ടുഡെ) മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്. കവർച്ച ലക്ഷ്യമിട്ടാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന് ജഡ്ജി നിരീക്ഷിച്ചിരുന്നു.
ഡൽഹിയിലെ കോൾ സെന്റർ ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസിൽ രവി കുമാർ, അമിത് ശുക്ല എന്നിവർ പിടിയിലായതാണ് 2008-ലെ സൗമ്യ വധക്കേസിലും വഴിത്തിരിവായത്. ജിഗിഷ കൊലക്കേസിൽ കണ്ടെടുത്ത നാടൻതോക്ക് സൗമ്യ കേസിലും നിർണായക തെളിവായി. പിന്നാലെ, കേസിലെ മറ്റുപ്രതികളായ ബൽജിത് മാലിക്, അജയ് സേത്തി, അജയ്‍കുമാർ എന്നിവരും അറസ്റ്റിലായി. അജയ് സേത്തി ഒഴികെയുള്ളവർ ജിഗിഷ ഘോഷ് കേസിൽ ജീവപര്യന്തം തടവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല