1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ തോക്കുധാരികളായ സംഘം മോഡലുകളായ എട്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു. ജൊഹനസ്ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്ഡോർപ്പിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 65 പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് ബ്രിഗേഡിയർ ബ്രെൻഡ മുരിഡിലി വെള്ളിയാഴ്ച പറഞ്ഞു. ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രദേശത്ത് ഉപയോഗശൂന്യമായ ഒരു ഖനിയിൽ വ്യാഴാഴ്ച മ്യൂസിക് വീഡിയോ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയാണ് പ്രതികൾ മോഡലുകളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോൾ 12 സ്ത്രീകളും 10 പുരുഷൻമാരും സെറ്റിലുണ്ടായിരുന്നു. സെറ്റിൽ ഉണ്ടായിരുന്ന ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഡലുകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭയപ്പെടുത്താൻ വെടിയുതിർക്കുകയും ചെയ്തു.

ബലാത്സംഗത്തിന് ശേഷം ലൊക്കേഷനിൽ ഉണ്ടായിരുന്ന ക്യാമറകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രതികൾ മോഷ്ടിച്ചു. ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, പാസ്പോർട്ട്, മോതിരം, ഹാൻഡ്‌ബാഗുകൾ, പണം, വാച്ച്, വിലകൂടിയ വസ്ത്രങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷ്ടിക്കപ്പെട്ടതായി ന്യൂസ് 24 റിപ്പോർട്ട് ചെയ്തു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് മോഡലുകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തത്.

പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച മൂന്ന് പേർ കൂടി അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 65 ആയെന്ന് മന്ത്രി ഭേകി സെലെ പറഞ്ഞു. സംഘത്തിലെ രണ്ട് പേരെ പോലീസ് വെടിവച്ച് കൊന്നു.

ലൈസൻസില്ലാത്ത രണ്ട് തോക്കുകളും സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്നും കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.