1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഇത് രാജ്യത്ത് രോഗബാധയുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമായി. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന അണുബാധകളുടെ എണ്ണം നവംബര്‍ ആരംഭം മുതല്‍ പത്ത് മടങ്ങ് വര്‍ദ്ധിച്ചു.

ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്‌സ്വാന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് രോഗബാധ കണ്ടെത്തുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ നിയുക്ത ജീനോം സ്വീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് ഉടന്‍ അയക്കുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കോവിഡിന്റെ പുതിയ വകഭേദം ബോട്‌സ്വാനയില്‍ 3, ദക്ഷിണാഫ്രിക്കയില്‍ 6, ഹോങ്കോംഗില്‍ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

“നിര്‍ഭാഗ്യവശാല്‍ ഒരു പുതിയ വകഭേദത്തെ കണ്ടെത്തി. അത് ദക്ഷിണാഫ്രിക്കയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു,“ വൈറോളജിസ്റ്റ് ടുലിയോ ഡി ഒലിവേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

B.1.1.529 എന്ന ശാസ്ത്രീയ ലീനിയേജ് നമ്പറില്‍ അറിയപ്പെടുന്ന വകഭേദത്തിന് വളരെ ഉയര്‍ന്ന പരിവര്‍ത്തന സ്വഭാവം ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പുതിയ കൊറോണ വൈറസ് വകഭേദത്തിന് ഗ്രീക്ക് പേര് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. പുതിയ B.1.1.529 വൈറസ് കുറഞ്ഞത് 10 പരിവര്‍ത്തനമെങ്കിലും ഉണ്ടാകും. ഡെല്‍റ്റയ്ക്ക് രണ്ടെണ്ണമോ ബീറ്റയ്ക്ക് മൂന്നെണ്ണമോ ഉള്ളതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ച നാല് വകഭേദങ്ങളില്‍ ഒന്നാണ് ബീറ്റ. വാക്‌സിനുകള്‍ ഈ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. ജർമനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ നിർദേശം നൽകിക്കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിരോധിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ വകഭേദത്തിന്റെ വ്യാപനം തടയാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മിക്ക യാത്രകളും നിരോധിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ഇപ്പോള്‍ ജര്‍മ്മനിയും ഇറ്റലിയും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അവരുടെ അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.