1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപന നിയന്ത്രണം ഫലപ്രദമാകാന്‍ കൂടുതല്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ. വൈറസിന്റെ സഞ്ചാരവലയം ഭേദിക്കാന്‍ ആറ് ദിവസത്തേക്കാണ് ഈ ഓസ്‌ട്രേലിയന്‍ സംസ്ഥാനം കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാവശ്യ കാരണങ്ങള്‍ക്കായി മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഈ ദിവസങ്ങളില്‍ അനുമതിയുള്ളൂ. ഒരു വീട്ടില്‍ നിന്ന് ഒരു വ്യക്തിയ്ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കുക. വീടുകള്‍ക്ക് പുറത്തിറങ്ങിയുള്ള വ്യായാമത്തിന് നിരോധനമുണ്ട്. വളര്‍ത്തു നായകളുമൊന്നിച്ചുള്ള നടത്തത്തിന് ഈ ദിവസങ്ങളില്‍ അനുവാദമുണ്ടായിരിക്കുകയില്ല.

സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടും. വിവാഹ ചടങ്ങുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കടുപ്പമേറിയ നിയന്ത്രണങ്ങളിലേക്ക് പോകുന്നത് എത്രയും വേഗത്തിലാവുന്നത് വൈറസില്‍ നിന്ന് മുക്തി നേടുന്നത് എളുപ്പമാക്കുമെന്ന് സ്റ്റേറ്റ് പ്രിമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റീനില്‍ താമസിപ്പിച്ചിരുന്ന ഹോട്ടലില്‍ ക്ലീനിങ് ജോലി ചെയ്തിരുന്ന ആളില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ അഡലെയ്‌ഡില്‍ 23 പേര്‍ക്കാണ് രോഗബാധയുണ്ടായത്. കൂടുതല്‍ പേരിലേക്കുള്ള രോഗവ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളാണുചിതമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് ബാധയുള്ളവരില്‍ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്ന കാര്യം ആശങ്കയുണ്ടാക്കുന്നതായും സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി സാമൂഹിക വ്യാപനം സൗത്ത് ഓസ്‌ട്രേലിയ തടഞ്ഞിരുന്നു. 1.7 ദശലക്ഷം ജനങ്ങളാണ് സംസ്ഥാനത്തുള്ളത്.

അയല്‍ സംസ്ഥാനമായ വിക്ടോറിയയിലെ കൊറോണ ക്ലസ്റ്ററുകള്‍ കാരണം മെല്‍ബണില്‍ മൂന്ന് മാസക്കാലം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത നിയന്ത്രണങ്ങളോട് കൂടിയ ലോക്ഡൗണ്‍ ഫലപ്രദമാണെന്ന് വിക്ടോറിയയുടെ അനുഭവം തെളിയിച്ചിരുന്നു. 700 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന വിക്ടോറിയയില്‍ കഴിഞ്ഞ 20 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.