സ്വന്തം ലേഖകന്‍: ചര്‍ച്ചക്കുള്ള താത്പര്യം അറിയിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയ. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കിം ചര്‍ച്ചാ സന്നദ്ധത അറിയിച്ചത്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ സംഘത്തെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി വ്യക്തമാക്കിയിരുന്നു.
ഇത് ഏറെ പ്രതീക്ഷയേകുന്നതാണെന്നും തന്റെ രാജ്യം എപ്പോഴും ചര്‍ച്ചക്ക് ഒരുക്കമാണെന്നും ദക്ഷിണ കൊറിയയുടെ ഏകീകരണ വകുപ്പ് മന്ത്രി ചോ മ്യൂങ് ഗ്യോന്‍ ആണ് വ്യക്തമാക്കിയത്. അടുത്താഴ്ച തന്നെ ചര്‍ച്ച നടത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതിനോട് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.
‘ഇരുകൊറിയകളും തമ്മില്‍ നേര്‍ക്കുനേര്‍ ഇരുന്ന് ചര്‍ച്ച നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ശീതകാല ഒളിമ്പിക്‌സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നത് കൂടാതെ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഒരുമേശക്ക് ചുറ്റുമിരുന്ന് സംസാരിക്കാനാവും ദക്ഷിണ കൊറിയന്‍ മന്ത്രി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍യോമില്‍ ചര്‍ച്ച നടത്താവുന്നതാണെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 2015 ഡിസംബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അവസാനമായി ചര്‍ച്ച നടന്നതും ഇവിടെയായിരുന്നു.
തങ്ങളുടെ രാജ്യത്ത് നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരത്തേ തന്നെ പ്രോത്സാഹനം നല്‍കിയിരുന്നു. ഉത്തര കൊറിയ പങ്കെടുക്കുകയാണെങ്കില്‍ ഒളിമ്പിക്‌സില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയ അദ്ദേഹം ഇതിനുവേണ്ടി അമേരിക്കക്കൊപ്പം നടത്താന്‍ നിശ്ചയിച്ചിരുന്ന സൈനികാഭ്യാസം മാറ്റിവെക്കണമെന്നുവരെ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല