1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2017

സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സാധാരണക്കാരുടെ സ്ഥിതി അതി ദയനീയമെന്ന് യുഎന്‍, സൈന്യത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ പലായനം ചെയ്തത് 6000 ത്തോളം പേര്‍. അതിര്‍ത്തിയിലെ യുഗാണ്ടന്‍ ജില്ലയായ ലാംവോയിലേക്കാണ് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി. ദക്ഷിണ സുഡാന്‍ സായുധസേനയുടെ വിവേചന രഹിതമായ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പാജോക് നഗരത്തിലെ ജനങ്ങളെന്ന് യു.എന്‍ അഭയാര്‍ഥി ഹൈകമീഷണര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

സൈന്യത്തിന്റെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും കുറ്റിക്കാടുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്നാണ് പലായനം ചെയ്യുന്നവര്‍ യുഗാണ്ടയിലെ തങ്ങളുടെ സുരക്ഷിത സ്ഥാനത്തെത്തുന്നത്. തിങ്കളാഴ്ച പ്രദേശത്ത് സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനു ശേഷമാണ് സ്ഥിതി കൂടുതല്‍ വഷളായതെന്നും ഹൈക്കമീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ലാംവോയിലെത്തിയ അഭയാര്‍ഥികള്‍ സിവിലിയന്മാര്‍ക്കു നേരെയുള്ള സൈന്യത്തിന്റെ ക്രൂരതകള്‍ ഹൈകമീഷണറോട് വിവരിച്ചതായി യുഎന്‍ വക്താവ് റൊക്കോ നൂറി പറഞ്ഞു. പ്രിയപ്പെട്ടവര്‍ വെടിയേറ്റു മരിച്ചതും നൂറു കണക്കിനാളുകളെ കൂട്ടക്കൊല ചെയ്യുന്നതും പലരും വിവരിച്ചു. ഓടി രക്ഷപ്പെടാന്‍ സാധിക്കാതിരുന്ന വയോധികരും ഭിന്നശേഷിക്കാരും സൈന്യത്തിന്റെ തോക്കിനിരയായി. പാജോക്കില്‍ സൈന്യം ആക്രമണം നടത്തിയതായി സര്‍ക്കാര്‍ വക്താവ് മിഖായേല്‍ മകൂയി സ്ഥിരീകരിച്ചിട്ടുണ്ട്.

നഗരം വിമതരുടെ കൈവശമായിരുന്നെന്നും തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തില്‍ വിമതര്‍ക്കൊപ്പം നിന്ന സിവിലിയന്മാര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പാജോക്കില്‍ പ്രവേശിക്കുന്നതില്‍നിന്ന് യു.എന്നിന്റെ ദക്ഷിണ സുഡാനിലെ സമാധാന ദൗത്യ ഏജന്‍സിയായ യു.എന്‍.എം.ഐ.എസ്.എസിനെ വിലക്കിയതായി ഏജന്‍സി ബുധനാഴ്ച ആരോപിച്ചിരുന്നു.

സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മനുഷ്യാവകാശ ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഏജന്‍സിക്ക് പ്രവേശനം അനുവദിക്കണമെന്ന് യു.എന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ദക്ഷിണ സുഡാനില്‍ നിന്നെത്തിയ 8,32,000 അഭയാര്‍ഥികള്‍ യുഗാണ്ടയില്‍ അഭയം തേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.