1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി സ്പേസ് എക്സ് പേടകത്തിൽ പുറപ്പെട്ട നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് മടക്കം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06നാണ് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങിയത്.

അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ജേര്‍ഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹിരാകാശ യാത്ര പൂര്‍ത്തീകരിച്ചത്. അർബുദത്തെ പൊരുതി ജയിച്ച ഹെയ്‌ലി ആർസിനെക്സ്, ജിയോ സയന്‍റിസ്റ്റായ സിയാന്‍ പ്രോക്റ്റര്‍ എന്നിവരാണ് സംഘത്തിലെ വനിത യാത്രികര്‍.

യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ. ആറു മാസം മുമ്പാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. ഇവര്‍ക്കാര്‍ക്കും ദീര്‍ഘ കാലത്തെ ബഹിരാകാശ പരിശീലനം ലഭിച്ചിട്ടില്ല. ദൗത്യത്തിൽ ഉൾപ്പെട്ട നാലുപേരെ സൂചിപ്പിക്കാന്‍ ഇൻസ്പിരേഷൻ 4 എന്നാണ് ഈ മിഷന് പേര് നൽകിയിരുന്നത്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്. കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്റെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നായിരുന്നു ദൗത്യത്തിന്‍റെ ആരംഭം. ഭൂമിയിൽ നിന്നും 575 കിലോമീറ്റർ അകലെ ഇവർ ബഹിരാകാശ സഞ്ചാരം നടത്തി. ദിവസവും 15 തവണ ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയെത്തേക്കാൾ വേഗതയിലായിരുന്നു പേടകത്തിന്‍റെ സ‌ഞ്ചാരം.

സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കിന്‍റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യഘട്ട യാത്രയാണിത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കും കൂടിയുള്ള ആകെ ചെലവ്. വർഷങ്ങളായി മനുഷ്യന്‍റെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ് സ്പേസ് എക്സ്. ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വഹിക്കുന്ന കാർഗോയും വഹിച്ചു പോകാനുള്ള ഭീമൻ റോക്കറ്റിന്‍റെ നിർമാണത്തിലാണ് മസ്കും കൂട്ടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.