സ്വന്തം ലേഖകൻ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നതിന്റെ ഞെട്ടലിലാണ് തെക്കൻ സ്പെയിനിലെ അൽമെന്ദ്രലെജോ നഗരം. പെൺകുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും ലഭിച്ച ഫോട്ടോകൾ ഉപയോഗിച്ചാണ് നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഇതുവരെ 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിക്കുന്നതായിട്ടാണ് വിവരം. ‘‘ഒരു ദിവസം എന്റെ മകൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ അമ്മേ, എന്‍റെ ടോപ്‌ലെസായ ഫോട്ടോകൾ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞു’’–14 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ പറയുന്നു. ‘‘അവൾ നഗ്നയായി എന്തെങ്കിലും ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചു, ‘അല്ല, അമ്മേ, ഇത് പെൺകുട്ടികളുടെ വ്യാജ ഫോട്ടോകളാണ്. എന്റെ ക്ലാസിലെ മറ്റ് പെൺകുട്ടികൾക്കും ഇത് പോലെ സംഭവിച്ചു’’ – കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.
ഇതിനെതിരെ നടപടി സ്വീകരിക്കാൻ ഇത്തരത്തിൽ ഇരയായി മാറിയ പെൺകുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് സഹായസംഘം രൂപീകരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് പ്രദേശത്തെ 11 ആൺകുട്ടികൾക്ക് എങ്കിലും ചിത്രങ്ങളുടെ നിർമാണത്തിലോ വാട്സാപ്, ടെലിഗ്രാം ആപ്പുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതിലോ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പ്രതികൾ 12 നും 14 നും ഇടയിൽ പ്രായമുള്ളവരാണ്.
‘‘നിങ്ങൾ ഒരു കുറ്റകൃത്യത്തിന് ഇരയാകുമ്പോൾ, ഉദാഹരണത്തിന് കൊള്ളയടിക്കപ്പെട്ടാൽ ഒരു പരാതി ഫയൽ ചെയ്യുന്നു. അതേസമയം, ലൈംഗിക സ്വഭാവമുള്ള കുറ്റകൃത്യങ്ങളിലെ ഇരയ്ക്ക് പലപ്പോഴും നാണക്കേട് തോന്നുകയും അപകർഷകത അനുഭവിക്കേണ്ടി വരുകയും ചെയ്യും. അതു കൊണ്ട് ഇത് നിങ്ങളുടെ തെറ്റല്ലെന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നതായി’’ പെൺകുട്ടികളിൽ ഒരാളുടെ അമ്മ പറഞ്ഞു.
സ്പെയിനിൽ ഇത്തരമൊരു കേസ് വാർത്തയാകുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം പ്രശസ്തയായ ഒരു ഗായികയുടെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ടോപ്‌ലെസ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല