1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2021

സ്വന്തം ലേഖകൻ: വിവാദങ്ങളും ആരോപണങ്ങളും രൂക്ഷമായതോടെ ലൈംഗിക തൊഴിൽ നിർത്തലാക്കാനൊരുങ്ങി സ്പെയിൻ. ലൈംഗിക തൊഴിൽ നിർത്തലാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായതോടെ തീരുമാനത്തെ അനുകൂലിച്ചും തള്ളിപ്പറഞ്ഞും നിരവധിപേർ രംഗത്തുവന്നു. ലൈംഗികത്തൊഴിലുമായി മുന്നോട്ട് പോകുന്നവരിൽ നിന്നാണ് ശക്തമായ എതിർപ്പുണ്ടാകുന്നത്.

എന്നാൽ, തൻ്റെ ലൈംഗിക തൊഴിൽ നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്. ലൈംഗിക തൊഴിൽ മൂലം രാജ്യത്ത് നിർത്തലാക്കുമെന്ന സർക്കാരിൻ്റെ വാദം സ്ത്രീകളുടെ വോട്ടുകൾ നേടാനുള്ള നീക്കമായി വിലയിരുത്തലും ശക്തമായി. വേശ്യാവൃത്തി ഇല്ലാതാക്കാനുള്ള നീക്കം സർക്കാരിൽ നിന്നും ഉണ്ടാകുന്നതിനായി വിവിധ സംഘടനകൾ നീക്കം നടത്തിയിരുന്നു.

ഇതിൻ്റെ ഭാഗമായി ഇവരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി 2019ൽ പ്രകടന പത്രിക തയ്യാറാക്കിയത്. വർധിച്ചുവരുന്ന വേശ്യാവൃത്തിയെ ക്രൂരമായ അവസ്ഥ എന്നാണ് ഒരു വിഭാഗമാളുകൾ വിശേഷിപ്പിക്കുന്നത്. വേശ്യാവൃത്തി ദാരിദ്ര്യത്തെ സ്ത്രീവൽക്കരിക്കുന്നതിന്റെ ഏറ്റവും ക്രൂരമായ വശങ്ങളിലൊന്നാണെന്നാണ് ഇവർ പറയുന്നത്.

ലൈംഗിക തൊഴിൽ മൂലം രാജ്യത്ത് സ്ത്രീകൾ അടിമകളാക്കപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് ലൈംഗിക തൊഴിൽ നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. നിരോധനം നിലവിൽ വരുന്നതോടെ വേശ്യാവൃത്തി ഇല്ലാതാകും. 2019ൽ പുറത്തുവിട്ട പാർട്ടിയുടെ പ്രകടന പത്രിക അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും ഞായറാഴ്ച വലൻസിയയിൽ നടന്ന മൂന്ന് ദിവസത്തെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ കോൺഫറൻസ് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ തീരുമാനത്തോട് സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചോ എന്ന കാര്യത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

രാജ്യത്ത് ലൈംഗിക തൊഴിൽ ഇല്ലാതാക്കുമെന്ന സർക്കാർ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കുമെന്ന ആരോപണം ശക്തമായി. നിരോധനം വരുന്നതോടെ ലൈംഗിക തൊഴിൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് സ്പെയിനിലെ സെക്സ് വർക്ക് അഡ്വക്കസി ഗ്രൂപ്പുകൾ വ്യക്തമാക്കി. 1995 മുതൽ ലൈംഗിക തൊഴിൽ രാജ്യത്ത് ശക്തമാണെന്നും സ്പെയിനിൽ മാത്രം ഏകദേശം 300,000 സ്ത്രീകൾ ലൈംഗിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

ഈ കണക്കിൽ ഉൾപ്പെടാത്ത ആയിരക്കണക്കിന് കേസുകൾ വേറെയുമുണ്ട്. 3.7 ബില്യൺ പൗണ്ടിൻ്റെ ലൈംഗിക ഇടപാടുകൾ സ്പെയിനിൽ നടക്കുന്നുണ്ടെന്നാണ് 2016ൽ ഐക്യരാഷ്ട്രസഭ വിലയിരുത്തിയത്. ലൈംഗിക തൊഴിൽ രൂക്ഷമായ രാജ്യങ്ങളിൽ തായ്‌ലൻഡിന് പ്യൂർട്ടോ റിക്കോയ്ക്കും പിന്നിൽ മൂന്നാമത്തെ രാജ്യമാണ് സ്പെയിനെന്നാണ് യുഎൻ 2011ൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

സ്പെയിനിൽ ലൈംഗിക ചൂഷണമടക്കമുള്ള കാര്യങ്ങൾ നിയമവിരുദ്ധമായിരിക്കെയാണ് ഇത്തരം സാഹചര്യം രാജ്യത്തുള്ളത്. സ്പെയിനിൽ ലൈംഗിക തൊഴില്‍ ജോലിയായി അംഗീകരിക്കപ്പെട്ടിട്ടില്ല. ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ ഇടപെടുന്നതും മറ്റും കുറ്റകരമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന് നിയമപരമായി സാധുതയും സ്പെയിനിലെ നിയമം നൽകുന്നില്ല.

ലൈംഗിക തൊഴിൽ നിർത്തലാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഗുണത്തേക്കാൾ കൂടുതൽ ദോഷകരമാകുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറിലധികം സംഘടനകളെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ സെക്സ് വർക്കേഴ്സ് റൈറ്റ്സ് അലയൻസ് വക്താവ് വൈസ് വേൾഡ് ന്യൂസിനോട് വ്യക്തമാക്കി.

“ഈ തീരുമാനം നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം ദോഷമാണ് ഉണ്ടാക്കുക. ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരുന്നു. ഇതിനൊപ്പം അതിക്രമവും രോഗങ്ങളും വർധിച്ചു. സ്പെയിനിൽ ഉൾപ്പെടെ നിരവധി ലൈംഗിക തൊഴിലാളികൾ ഭവനരഹിതരാണ്. ലൈംഗിക തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി പ്രധാനമന്ത്രി ചർച്ച നടത്തണം. അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അറിയുകയും വേണം. ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക നയങ്ങൾ രൂപീകരിക്കണം,” സംഘടന പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.