
സ്വന്തം ലേഖകൻ: ടൈ കെട്ടുന്നത് നിര്‍ത്താന്‍ ജനങ്ങള്‍ക്ക് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്‍റെ നിര്‍ദേശം. സ്പെയിനിലെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ട പശ്ചാത്തലത്തിലാണിത്.
വാര്‍ത്താസമ്മേളനത്തില്‍ വെളുത്ത ഷര്‍ട്ട് ധരിച്ചെത്തിയ പെദ്രോ സാഞ്ചസ് പറഞ്ഞതിങ്ങനെ- “ഞാൻ ടൈ ധരിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കടുത്ത ചൂടില്‍ അല്‍പ്പം കൂടി സുഖപ്രദമായിരിക്കും. അതോടൊപ്പം എ.സി കുറച്ച് ഉപയോഗിച്ചാല്‍ ഊര്‍ജം ലാഭിക്കാന്‍ കഴിയും”- ഷർട്ടിലേക്ക് വിരൽ ചൂണ്ടിയാണ് സ്പാനിഷ് പ്രധാനമന്ത്രി പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞത്.
എല്ലാ മന്ത്രിമാരോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ടൈ ധരിക്കുന്നത് നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ ജീവനക്കാരും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സ്പാനിഷ് സർക്കാർ അടിയന്തര ഊർജ സംരക്ഷണ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. വൈദ്യുതി ലഭിക്കാന്‍ ഓഫീസില്‍ വരാതെ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ട്.
റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തെ തുടർന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, യൂറോപ്യൻ കമ്മീഷൻ മെയ് പകുതിയോടെ 210 ബില്യൺ യൂറോയുടെ പദ്ധതി പുറത്തിറക്കിയിരുന്നു. പുനരുത്പാദന ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനും റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല