1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2015

സ്വന്തം ലേഖകന്‍: ദക്ഷിണചൈന കടലിലെ തര്‍ക്ക ദ്വീപില്‍ ചൈന രഹസ്യമായി റണ്‍വേ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തായി. സ്പ്രാറ്റ്‌ലി ദ്വീപിലെ ഫിയറി ക്രോസ് റീഫ് മേഖലയുടെ ഉപഗ്രഹചിത്രത്തിലാണ് റണ്‍വേ നിര്‍മാണം കണ്ടത്തെിയത്. പോര്‍വിമാനങ്ങള്‍ ഇറങ്ങാന്‍ ശേഷിയുള്ള സൈനിക കേന്ദ്രം നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയാണ് റണ്‍വേ നിര്‍മ്മാണമെന്നാണ് സൂചന.

ചൈനക്ക് പുറമേ ചുരുങ്ങിയത് മൂന്നു രാജ്യങ്ങളെങ്കിലും അവകാശവാദം ഉന്നയിക്കുന്ന തര്‍ക്ക ദ്വീപാണ് സ്പ്രാറ്റ്‌ലി. 10,000 അടി നീളത്തിലുള്ളതാണ് റണ്‍വേയെന്നാണ് പ്രാഥമിക നിഗമനം. യുദ്ധവിമാനങ്ങള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ കഴിയും.

ദക്ഷിണചൈന കടലില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വടംവലിക്ക് ഗതിമാറ്റം നല്‍കുന്നതാണ് റണ്‍വേ നിര്‍മാണമെന്ന് റോഡ് ഐലന്‍ഡിലെ നേവല്‍ വാര്‍ കോളജ് സ്ട്രാറ്റജിക് സ്റ്റഡീസ് പ്രഫസര്‍ പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. ചൈനയുടേത് തന്ത്രപരമായ നീക്കമാണ്. സമുദ്ര നിയന്ത്രണമുണ്ടാകണമെങ്കില്‍ വ്യോമനിയന്ത്രണവും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിയറി ക്രോസ് റീഫില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നതായി നേരത്തേതന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍. മാര്‍ച്ച് 23 നു എയര്‍ബസ് എടുത്ത ചിത്രം കഴിഞ്ഞ ദിവസം ജെയിന്‍സ് പ്രതിരോധ വാരികയാണ് പുറത്തുവിട്ടത്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് റണ്‍വേ നിര്‍മാണം ആരംഭിച്ചതെന്നാണ് കരുതുന്നത്. ഫെബ്രുവരി ആറിന് എയര്‍ബസ് എടുത്ത മറ്റൊരു ചിത്രത്തില്‍ നിര്‍മാണത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അമേരിക്കയുടെ സഖ്യകക്ഷിയായ ഫിലിപ്പീന്‍സ്, അയലത്തുള്ള വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന സ്പ്രാറ്റ്‌ലി ദ്വീപ് ചൈനയെ സംബന്ധിച്ചിടത്തോടം മര്‍മ്മ പ്രധാനമായ സ്ഥലമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.