1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2018

സ്വന്തം ലേഖകന്‍: ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ എഴുനൂറിലേറെ ദിവസങ്ങളുടെ സമരം വിജയത്തിലേക്ക്; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേര്‍ന്നതോടെയാണ് സിബിഐ അന്വേഷണം നടത്താമെന്ന തീരുമാനം ഉണ്ടായത്.

അതേസമയം, സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുമെന്ന് ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. സമരത്തിന്റെ ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സിബിഐ സംഘം വരുന്നതിന്റെ ഉറപ്പു ലഭിക്കും വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അത് നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യും. സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നല്‍കും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയര്‍ത്തുന്ന പ്രശ്‌നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. സിബിഐ അന്വേഷണത്തിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് 2014 മുതലുള്ള മുഴുവന്‍ രേഖകളും ബുധനാഴ്ച നല്‍കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.