1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2024

സ്വന്തം ലേഖകൻ: 2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ക്രിക്കറ്റിലെ അഴിമതി ​ഗൗരവമായി കൈകാര്യം ചെയ്യപ്പെടുന്നില്ല. ക്രിക്കറ്റിലെയോ സ്പോർട്സിലെയോ അഴിമതി കൈകാര്യം ചെയ്യാൻ ഒരു നിയമവുമില്ല. ഓസ്‌ട്രേലിയയിലും ന്യൂസിലാൻ്റിലും നിയമമുണ്ട്. സിംബാബ്‌വെയ്ക്ക് പോലും പ്രത്യേക നിയമമുണ്ട്. അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 2013 മുതൽ സ്പോർട്സിലെ അഴിമതി തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. 2018-ൽ ലോക്സഭയിൽ അവതരിപ്പിച്ച പ്രിവൻഷൻ ഓഫ് സ്പോർട്ടിങ് ഫ്രോഡ് ബില്ലിൽ വാതുവെപ്പുൾപ്പെടെയുള്ള കായിക തട്ടിപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് നടപ്പിലാക്കത്തതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ പാസാക്കുകയാണെങ്കിൽ സാഹചര്യം പൂർണ്ണമായും മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നീരജ് കുമാർ ഡൽഹി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം സ്‌പെഷ്യൽ സെൽ ശ്രീശാന്തിനെയും രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെയും ഐപിഎൽ വാതുവെപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. പോലീസിൻ്റെ പ്രവർത്തനത്തെ കോടതി പ്രശംസിച്ചിരുന്നുവെന്നും പ്രത്യേക സെൽ മികച്ച പ്രവർത്തനം നടത്തിയെന്ന് ജഡ്ജി പരാമർശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ നിയമത്തിന്റെ അഭാവത്തിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്നും മുൻ കമ്മിഷണർ പറഞ്ഞു. കേരള ഹൈക്കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചെങ്കിലും അദ്ദേഹം നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂർത്തിയാക്കാൻ അനുവദിച്ചിരുന്നെങ്കിൽ വമ്പന്മാരുടെ പേരുകൾ പുറത്തുവരുമായിരുന്നുവെന്നും പക്ഷേ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.