1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2023

സ്വന്തം ലേഖകൻ: രക്തസാക്ഷികളായ തമിഴ് പുലികളെ ശ്രീലങ്കന്‍ തമിഴര്‍ അനുസ്മരിക്കുന്ന മാവീരര്‍ നാളിലാണ് ആ വീഡിയോ പുറത്തുവന്നത്. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍.ടി.ടി.ഇ.) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരക എന്നാണ് വീഡിയോയില്‍ സ്ത്രീ അവകാശപ്പെട്ടത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെയുള്ളതെന്നും ഒരു ദിവസം, ഈഴം സന്ദര്‍ശിച്ച് തന്റെ ജനങ്ങളെ സേവിക്കുമെന്നും സാരി ധരിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ പറഞ്ഞു.

എല്‍.ടി.ടി.ഇയെ നേരിട്ട് നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് ലങ്കന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയെന്നും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ പ്രസംഗത്തില്‍ യുവതി പറഞ്ഞു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നാനാത്വത്തില്‍ ഏകത്വത്തിന് ഊന്നല്‍ നല്‍കി എല്‍.ടി.ടി.ഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും തമിഴിൽ അവര്‍ പ്രഖ്യാപിച്ചു.

ശ്രീലങ്കയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തമിഴരെ പരിഗണിക്കണമെന്ന് വിദേശത്ത് താമസിക്കുന്ന തമിഴ് വംശജരെ യുവതി ഓര്‍മിപ്പിച്ചു. പ്രത്യേക തമിഴ് രാഷ്ട്രവും സ്വയംഭരണവും വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച യുവതി, തമിഴ് സമരം സിംഹള ജനതയ്ക്കെതിരെയല്ലെന്നും നിരപരാധികളെ കൈയേറ്റം ചെയ്ത സര്‍ക്കാരിനും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമെതിരെയാണെന്നും വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ പ്രഭാകരനും കുടുംബവും മരിച്ചതായി ശ്രീലങ്കന്‍ സൈന്യം പ്രഖ്യാപിച്ച് ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഭാകരന്റെ മകളുടേത് എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രഭാകരന്റെ കുടുംബത്തെ അപ്പാടെ കൊലപ്പടുത്തിയെന്ന ശ്രീലങ്കന്‍ സേനയുടെ അവകാശവാദം പക്ഷേ, തമിഴരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നില്ല. പ്രഭാകരന്റെ കുടുംബം യുദ്ധത്തിനിടെ രക്ഷപെട്ടു എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. 2008-ല്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മതിവതനിയും ദ്വാരകയും യൂറോപ്പിലേക്ക് പലായനം ചെയ്തെന്ന വാര്‍ത്ത പരന്നിരുന്നു. യൂറോപ്പിലെ ഒരു അജ്ഞാതസ്ഥലത്ത് താമസിച്ച് ദ്വാരക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം.

യുദ്ധത്തിന്റെ സമയത്ത് അവര്‍ വെടിനിര്‍ത്തല്‍ മേഖലയില്‍ ആയിരുന്നോ എന്നോ, സംഘര്‍ഷ മേഖലയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചോ വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവുമില്ല. ഒപ്പം യൂറോപ്പില്‍ എവിടെയാണ് താമസിച്ചത് എന്നത് സംബന്ധിച്ചും വിവരം നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ശ്രീലങ്കന്‍ സൈന്യം പ്രഭാകരന്റെ ഭാര്യ മതിവതാനിയുടെയും ദുവാരകയുടെയും മരണം സ്ഥിരീകരിച്ചിരുന്നു.

2009-ല്‍ പ്രഭാകരനേയും കുടുംബത്തേയും കൊലപ്പെടുത്തിയാണ് ശ്രീലങ്ക പ്രഖ്യാപിച്ചത്. പക്ഷേ, വി. പ്രഭാകരനും അദ്ദേഹത്തിന്റെ കുടുംബവും ജീവിച്ചിരുപ്പുണ്ടെന്ന് അവകാശവാദങ്ങള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. അടുത്തിടെ തമിള്‍ ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്‍ പ്രഭാകരനും കുടുംബവും ജീവിച്ചിരുപ്പുണ്ടെന്ന അവകാശവാദം ഉയര്‍ത്തിയിരുന്നു. കൃത്യസമയത്ത് അവര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നായിരുന്നു അവകാശവാദം.

എല്‍.ടി.ടി.ഇ തലവന്‍ വി. പ്രഭാകരന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചിട്ട് നീണ്ട പതിനാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിന്നിച്ചിതറിപ്പോയ അദ്ദേഹത്തിന്റെ തീവ്ര അനുയായികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പ്രഭാകരന്റേയും കുടുംബത്തിന്റേയും വിയോഗവും പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുമായി കടുത്ത ആധാരകരില്‍ പലരും പൊരുത്തപ്പെട്ടിട്ടില്ല. ശ്രീലങ്കന്‍ തമിഴ് സമൂഹത്തിനിടയില്‍ പ്രഭാകരന്‍ ഇന്നും തീവ്രമായി ആരാധിക്കപ്പെടുന്ന വ്യക്തിത്വമാണ്.

ഈ തീവ്രആരാധനയുടെ ഭാഗമായുള്ള ഏറ്റവും പുതിയ നാടകമാണ് നവംബര്‍ 27-ന് പുറത്തുവന്ന ദ്വാരകയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതിനായി തിരഞ്ഞെടുത്ത ദിവസത്തിനും വലിയ പ്രത്യേകതയുണ്ട്. നവംബര്‍ 27-നാണ് എ.ടി.ടിഇ രക്ഷസാക്ഷികളെ ആദരിക്കാന്‍ തമിഴര്‍ മാവീരര്‍ നാള്‍ ആചരിക്കുന്നത്. അന്നാണ് സാരിയുടുത്ത ഒരു യുവതി ദ്വാരക എന്ന് അവകാശപ്പെട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയിലെയും മറ്റിടങ്ങളിലെയും തമിഴരെ വീഡിയോ ആശ്ചര്യപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.

പ്രഭാകരന്‍, ഭാര്യ മതിവതനി, മക്കളായ ചാള്‍സ് ആന്റണി, ദ്വാരക, ബാലചന്ദ്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടുവെന്ന് പരക്കെ അറിയപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമാണ്. പ്രഭാകരനും അദ്ദേഹത്തിന്റെ മൂത്ത മകന്‍ ചാള്‍സ് ആന്റണിയും ഏറ്റുമുട്ടലില്‍ വെവ്വേറെ കൊല്ലപ്പെട്ടപ്പോള്‍, ഇളയ മകന്‍ ബാലചന്ദ്രനെ പിടികൂടിയ ശേഷം സൈന്യം വെടിവച്ചു കൊന്നുവെന്നാണ് ആരോപണം.

പക്ഷേ, മതിവതനിയുടേയും ദ്വാരകയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇരുവരുടെയും ഫോട്ടോകളും പുറത്തുവന്നിരുന്നില്ല. എല്‍.ടി.ടി.ഇയുടെ ഇന്റലിജന്‍സ് മേധാവി പൊട്ടു അമ്മന്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല. ഇതാണ് ഇവര്‍ മരിച്ചിട്ടില്ലെന്ന വാദത്തിന് ഒരു വിഭാഗത്തിന് ശക്തി പകരുന്നത്. ഇത് മുതലെടുത്തുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്.

നേരത്തെ നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ മുന്‍മന്ത്രി എം.പി. ശിവാജിലിംഗം രംഗത്തെത്തിയിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ശിവാജിലിംഗം പറഞ്ഞത്. പ്രഭാകരന്‍ ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള തമിഴ് ജനത സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞിരുന്നു.

തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ അവകാശവാദം ശ്രീലങ്ക തള്ളിക്കളഞ്ഞിരുന്നു. അവകാശവാദത്തെ ഫലിതമെന്നാണ് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മേയ് 19-ന് പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ഡി.എന്‍.എ. തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ വക്താവ് കേണല്‍ നളിന്‍ ഹെരാതും പ്രതികരിച്ചു.

ഇപ്പോള്‍ ദ്വാരക പ്രഭാകരന്‍ എന്ന് അവകാശപ്പെടുന്ന വീഡിയോ സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ഉപയോഗിക്കുന്നതായി സൂചന നല്‍കുന്ന വിവരം ലഭിച്ചതായാണ് ശ്രീലങ്കന്‍ സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.