1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2017

സ്വന്തം ലേഖകന്‍: കടം കയറി മുടിഞ്ഞു! സ്വന്തം തുറമുഖം ചൈനയ്ക്കു വിറ്റ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയിലെ ഹന്പന്‍ടോട്ട തുറമുഖത്തിന്റെ 70 ശതമാനം ഓഹരികള്‍ ചൈനയ്ക്കു നല്‍കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. തുറമുഖനിര്‍മാണത്തില്‍ വന്ന വന്പന്‍ കടബാധ്യത മറികടക്കാനാണു തുറമുഖത്തെ ചൈനീസ് കന്പനിക്കു തീറെഴുതാന്‍ ലങ്കയെ പ്രേരിപ്പിച്ചത്. തുറമുഖം ചൈനീസ് സേന ഉപയോഗിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ഏറെ കാലതാമസം എടുത്തിരുന്നു.

ലങ്കന്‍ തുറമുഖ ഷിപ്പിംഗ് മന്ത്രി മഹിന്ദ സമരസിംഹയുടെയും കൊളംബോയിലെ ചൈനീസ് പ്രതിനിധി യി സിലാംഗിന്റെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. തുറമുഖവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്, 99 വര്‍ഷത്തെ പാട്ടക്കരാര്‍ അനുസരിച്ച് സിഎംപോര്‍ട്ട് 110 കോടി ഡോളര്‍ മുടക്കും. 2014 ലെ കരാര്‍ നിര്‍ദേശങ്ങളുമായി താരതമ്യപ്പെടുത്തുന്‌പോള്‍ രാജ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ഇപ്പോഴത്തെ കരാറെന്ന് ലങ്കന്‍ തുറമുഖ മന്ത്രി പറഞ്ഞു.

ലങ്കയില്‍ എല്‍ടിടിഇയുമായി നടന്ന ആഭ്യന്തര യുദ്ധത്തിനു ശേഷം, 2009 ലാണ് തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചത്. വന്‍തോതിലുള്ള ചൈനീസ് നിക്ഷേപം ഉപയോഗിച്ചായിരുന്നു നിര്‍മാണം. കടം വര്‍ധിച്ചതോടെ തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയ്ക്കു പാട്ടത്തിനു നല്‍കാന്‍ ലങ്കന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിഎം പോര്‍ട്ടിനാണു തുറമുഖം കൈമാറിയിരിക്കുന്നത്.

കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലേക്ക് കപ്പലുകള്‍ കടന്നുപോകുന്ന തിരക്കേറിയ പ്രദേശത്താണ് ഹമ്പന്‍ടൊട്ട തുറമുഖത്തിന്റെ സ്ഥാനം. ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ പകുതിയോളവും ശ്രീലങ്ക വഴിയാണെന്നിരിക്കേ ഹമ്പന്‍ടൊട്ടയുടെ നിയന്ത്രണം കൈപ്പിടിയിലാകുന്നത് ചൈനയ്ക്ക് വലിയ നേട്ടവും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയുമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.