1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2020

സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായ എണ്ണക്കപ്പല്‍ ന്യൂ ഡയമണ്ടിലെ തീ നിയന്ത്രണവിധേയമായതായി നാവികസേന ശനിയാഴ്ച അറിയിച്ചു. നാല് ടഗ് ബോട്ടുകളും മൂന്ന് ശ്രീലങ്കന്‍ നാവികസേനാകപ്പലുകളം നാല് ഇന്ത്യന്‍ കപ്പലുകളും വ്യാഴാഴ്ച മുതല്‍ കപ്പലിലെ തീ അണയ്ക്കാനായി സംയുക്തശ്രമം നടത്തി വരികയായിരുന്നു.

കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ തുറമുഖമായ പാരാദീപിലേക്ക് 2,70,000 ടണ്‍ ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പലിന്റെ എന്‍ജിന്‍ മൂറിയിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായത്. എന്നാല്‍ എന്‍ജിന്‍ മുറിയില്‍ എണ്ണച്ചോര്‍ച്ചയുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിന് 60 കിലോമീറ്റര്‍(37 മൈല്‍) അകലെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഫിലിപ്പീന്‍ സ്വദേശിയായ ക്രൂ അംഗം മരിച്ചു. കപ്പലിലുണ്ടായിരുന്ന 22 പേരെ സുരക്ഷിതമായി മാറ്റി. തീരത്തിന് 25 കിലോമീറ്റര്‍ അകലെ വരെയെത്തിയ കപ്പലിനെ മൂന്ന് ടഗ് ബോട്ടുകളുപയോഗിച്ച് ആഴക്കടലിലെത്തിച്ചു.

ഇന്ത്യന്‍ നാവികസേനാ കപ്പലുകളും ശ്രീലങ്കന്‍ സേനാവിമാനവും ചേര്‍ന്ന് നടത്തിയ രക്ഷാദൗത്യത്തെ തുടര്‍ന്ന് കപ്പലിലുണ്ടായ തീ നിയന്ത്രണവിധേയമാക്കിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വെള്ളിയാഴ്ച രാത്രിയോടെ അറിയിച്ചിരുന്നു.

കപ്പലിലുണ്ടായിരുന്ന ക്രൂഡ് ഓയിലിനും 1,700 ടണ്‍ ഡീസലിലും തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി അദ്ദേഹം പറഞ്ഞു. എണ്ണച്ചോര്‍ച്ചയോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ ശ്രീലങ്കയില്‍ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കപ്പലിലെ തീ പൂര്‍ണമായി കെടുത്താന്‍ അഞ്ച് ദിവസം വേണ്ടി വരുമെന്ന് റെയര്‍ അഡ്മിറല്‍ വൈ എന്‍ ജയരത്‌ന അറിയിച്ചു. അതിന് ശേഷമായിരിക്കും കപ്പല്‍ യാത്ര പുനരാരംഭിക്കുന്നത്. കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലലേക്ക് എണ്ണ മാറ്റുന്ന കാര്യം പരിഗണിക്കുന്നതായി രണസിംഗെ പറഞ്ഞു.

കപ്പലുടമകള്‍ക്കെതിരെ നിയമനടപടി തേടുമെന്ന് ശ്രീലങ്കയുടെ മറൈന്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി മേധാവി ദര്‍ശിനി ലഹന്ദപുര പറഞ്ഞു. കപ്പലിലെ തീപ്പിടിത്തം മാലദ്വീപിലും ഭീതി സൃഷ്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.