1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2024

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വീസ രഹിത പ്രവേശനം നീട്ടുന്നത് പരിഗണിച്ച് ശ്രീലങ്ക. നിലവില്‍ വീസ ഇളവ് നല്‍കിയതിന് ശേഷം ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇത് തുടരുന്നതിന് വേണ്ടിയാണ് വീസയിളവ് നീട്ടാന്‍ ശ്രീലങ്ക ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രീലങ്ക ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വീസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് 31 വരെയാണ് ഈ സ്‌കീമിന്റെ കാലാവധി. ഈ പദ്ധതി പ്രകാരം ശ്രീലങ്കയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 30 ദിവസം വരെ അവിടെ വീസയില്ലാതെ താമസിക്കാന്‍ സാധിക്കും.

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതും ശ്രീലങ്കയ്ക്ക് നേട്ടമായിരുന്നു. മാലദ്വീപ് ബഹിഷ്‌കരണത്തിന്റെ ഭാഗമായും നിരവധി ഇന്ത്യക്കാര്‍ സൗഹൃദ രാജ്യമായ ശ്രീലങ്കയില്‍ സഞ്ചാരികളായെത്തി. ആഭ്യന്തര പ്രതിസന്ധികളെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലുള്ള ശ്രീലങ്കയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സമീപകാലത്തുണ്ടായ ഈ ടൂറിസം ഉണര്‍വ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വീസ ഇളവ് തുടരാന്‍ ശ്രീലങ്ക ആലോചിക്കുന്നത്.

ഒ.ടി.എം ട്രാവല്‍ ഷോയ്ക്കിടെ ശ്രീങ്കന്‍ ടൂറിസം മന്ത്രിയായ ഹറിന്‍ ഫെര്‍ണാണ്ടോയും ഇന്ത്യക്കാരുടെ വീസ ഇളവ് ദീര്‍ഘിപ്പിക്കുന്നതിനോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പെട്ടെന്ന് വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുന്ന സഞ്ചാരികളെയാണ് ശ്രീലങ്ക പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇത്തരക്കാര്‍ വീസ പെട്ടെന്ന് സംഘടിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ വീസ ഇളവുകളുള്ള രാജ്യങ്ങളെ പരിഗണിക്കും. ഒപ്പം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ആഗ്രഹിക്കുന്നവരെയും വലിയ സംഘങ്ങളായി വിദേശയാത്ര പ്ലാന്‍ ചെയ്യുന്നവരെയും പ്രതീക്ഷിക്കുന്നുണ്ട്.

എളുപ്പത്തില്‍ ശ്രീലങ്കയിലേക്ക് എത്താമെന്നത് ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ലഭ്യമാണ്. ഇന്ത്യക്ക് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ലങ്ക പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ശ്രീലങ്കയിലെ മികച്ച ആതിഥ്യമര്യാദയും ഭക്ഷണ വെെവിധ്യവും അവസാനമില്ലാത്ത കാഴ്ചകളുമെല്ലാം ഈ ദ്വീപുരാജ്യത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ഇന്ത്യന്‍ സഞ്ചാരികളെ ലക്ഷ്യംവെച്ചുള്ള പാക്കേജുകളും ടൂറിസ്റ്റ് ഫെസ്റ്റിവലുകളും ആത്മീയ ടൂറുകളുമെല്ലാം ശ്രീലങ്ക നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.