
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനാണ് അധികാരമെന്ന് സുപ്രീംകോടതി വിധിച്ചു. താൽക്കാലിക ഭരണസമിതിക്കായിരിക്കും ഇപ്പോൾ അധികാരം ഉണ്ടാകുക.
ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011 ലെ വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതോടെ ക്ഷേത്രം സർക്കാരിന് ഏറ്റെടുക്കാമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുകയാണ്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗം ഭരണ സമിതി രൂപം കൊള്ളും. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ ഈ പുതുതായി രൂപം കൊള്ളുന്ന ഭരണസമിതിയായിരിക്കും തീരുമാനമെടുക്കുകയെന്ന് സുപ്രീം കോടതി അറിയിച്ചു.
സുപ്രീം കോടതിയിൽ രാജകുടുംബം നൽകിയാ ഹർജിയിലെ പ്രധാന ആവശ്യമായിരുന്നു ഈ അഞ്ചംഗ ഭരണ സമിതി. പുതിയ ഭരണ സമിതി നിലവിൽ വരുന്നതുവരെ നിലവിലുള്ള താൽക്കാലിക ഭരണസമിതി തുടരണമെന്നാണ് കോടതിയുടെ നിർദ്ദേശം. പുതിയ സമിതിയിൽ കേന്ദ്ര സർക്കാരും അംഗമാകും.
ഇതോടെ വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിന് ഒരു അനുകൂല വിധി സുപ്രീം കോടതിയിൽ നിന്നും ലഭിച്ചുവെന്നുതന്നെ പറയാം. രാജകുടുംബത്തിന്റെ നിർദ്ദേശ പ്രകാരം ഹൈക്കോടതിയിൽ നിന്നും വിരമിച്ച ഒരു ജഡ്ജി തലവനായി വേണം പുതിയ സമിതി രൂപീകരിക്കാൻ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല രാജകുടുംബം, ക്ഷേത്രം ട്രസ്റ്റി, സംസ്ഥാന, സർക്കാർ, കേന്ദ്ര സർക്കാർ എന്നിവരാകണം സമിതിയിലെ മറ്റ് അംഗങ്ങളേണനും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും. അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ ഹൈക്കോടതി വിധി.
ഈ വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2011 മെയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്ത് ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു.
ബി നിലവറ തുറക്കരുതെന്ന ആവശ്യവുമായി രാജകുടുംബം നേരത്തെ തന്നെ മുന്നോട്ടെത്തിയിരുന്നു. ഇനി ഇക്കാര്യത്തെക്കുറിച്ച് പുതിയ ഭരണ സമിതിയാണ് തീരുമാനം എടുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല