സ്വന്തം ലേഖകന്‍: ‘എന്നെ പ്രേമിക്കണം; ഇല്ലെങ്കില്‍ മാനേജരെ കൊല്ലും,’ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി. വീട്ടില്‍ കയറി വധഭീഷണിയുയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി പേലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് പരാതി നല്‍കിയത്.
ഇപ്പോള്‍ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടി. ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11:30 ക്ക് കാണണമെന്നാവശ്യപ്പെട്ട് അയാള്‍ വീട്ടില്‍ എത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു. കണാന്‍ വിസമ്മതം അറിയിച്ചപ്പോള്‍ മാനേജരെ ഉപദ്രവിച്ചു.
തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ കൊന്നുകളയുമെന്നും സുബ്രഹ്മണ്യം ശ്രീ റെഡ്ഡിയോട് പറയുന്നു. ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും ശ്രീ റെഡ്ഡി പുറത്ത് വിട്ടിട്ടുണ്ട്. വല്‍സരവാക്കം പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
‘ഞാന്‍ ഹൈദരാബാദിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. അവിടെ എനിക്ക് ഒരു എം.പി സീറ്റ് ഒരുക്കി വച്ചിട്ടുണ്ട്. ഒരു ദേശീയ പാര്‍ട്ടിയില്‍. അതെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിന് ഇയാളെ ഞാന്‍ വിളിക്കുന്നത്. വൈകീട്ട് വരാനാണ് പറഞ്ഞത്. പക്ഷേ അയാള്‍ രാത്രി 11: 30 ക്കാണ് വന്നത്. ആ സമയത്ത് കാണാന്‍ ഞാന്‍ വിസമ്മതം അറിയിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്,’ ശ്രീ റെഡ്ഡി പറയുന്നു
നേരത്തെ മറ്റൊരു കേസില്‍ ഹൈദരാബാദില്‍ അറസ്റ്റിലായതാണ് സുബ്രഹ്മണ്യം. അന്ന് താന്‍ പോലീസ് പിടിയിലായതിന് കാരണം നടിയാണെന്നാരോപിച്ചാണ് ഇയാള്‍ ശ്രീ റെഡ്ഢിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്നും പോലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല