1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2018

സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ മൃതദേഹം വിട്ടുനല്‍കുന്നത് വൈകുന്നു; മരണം കാരണം ബോധക്ഷയം ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ട്; മുംബൈയില്‍ അക്ഷമരായി ആരാധകര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും മുന്‍പ് ഒരു ‘ക്ലിയറന്‍സ്’ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നാണ് ദുബായ് പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.

‘എന്തു തരത്തിലുള്ള ‘ക്ലിയറന്‍സ്’ ആണെന്ന് അവര്‍ പറഞ്ഞില്ല. എന്നാല്‍ അതു പൂര്‍ത്തിയായാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കാനാകൂ എന്നാണിപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്,’ യുഎയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ നവ്ദീപ് സൂരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

ദുബായ് സമയം ചൊവ്വാഴ്ച ഉച്ചയോടെ മാത്രമായിരിക്കും മൃതദേഹം എംബാമിങ് നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം മരണം സംഭവിച്ച് രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാന്‍ വൈകുന്നത് ആരാധകരേയും ബന്ധുക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

അതിനിടെ ദുബായ് ആരോഗ്യവകുപ്പ് പുറത്തുവിട്ട ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ബോധക്ഷയം സംഭവിച്ചുള്ള മുങ്ങിമരണമാണു ശ്രീദേവിക്കു സംഭവിച്ചതെന്നു വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോധക്ഷയം സംഭവിച്ച് ബാത്ത്ടബില്‍ വീണാണു ശ്രീദേവി മുങ്ങിമരിച്ചതെന്നു ദുബായ് പൊലീസും സ്ഥിരീകരിച്ചു.

മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍നിന്നു നാലു കിലോമീറ്റര്‍ അകലെ ലോഖണ്ഡ്‌വാലയെന്ന കൂറ്റന്‍ ആഡംബര ഹൗസിങ് കോംപ്ലക്‌സിലാണു ബോണി കപൂറും കുടുംബവും താമസിക്കുന്നത്. മരണവാര്‍ത്തയറിഞ്ഞതു മുതല്‍ ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും ഇങ്ങോട്ടൊഴുകുകയാണ്.

രാജസ്ഥാനില്‍ നിന്നുള്‍പ്പെടെയാണ് ശ്രീദേവിയുടെ വസതിയിലേക്ക് ആരാധകരെത്തിയിരിക്കുന്നത്. വന്‍ മാധ്യമസംഘവും എത്തിയിട്ടുണ്ട്. ലോഖണ്ഡ്‌വാല കോംപ്ലക്‌സില്‍ ശ്രീദേവിയുടെ ചിത്രം സ്ഥാപിച്ചു താമസക്കാര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മെഴുകുതിരി കത്തിച്ചു പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നുമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.