1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: യുക്രയിനിലെ ഒഡേസ നഗരത്തിൽ 1937-39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതുന്ന എണ്ണായിരത്തോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തിരിക്കുകയാണ്. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്താണ് ഇവരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് എന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഇതുവരെ കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ കൂട്ടശ്മശാനമാണിത്.

സോവിയേറ്റ് യൂണിയന്റെ രഹസ്യപൊലീസ് വിഭാഗമായ എൻകെവിഡിയാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് എന്ന് കരുതുന്നതായി യുക്രയ്ൻ നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് റീജ്യണൽ മേധാവി സെർഗി ഗുട്സാല്യുക് പറയുന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായി നടന്ന കൂട്ടക്കൊലകളിൽ ഒന്നു മാത്രമാണ് യുക്രയിനിലേത്. ഇരുപത് ലക്ഷത്തിലേറെ പേർ സ്റ്റാലിൻ യുഎസ്എസ്ആർ ഭരിച്ച കാലയളവിൽ കൊല്ലപ്പെട്ടു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

1930-53 കാലയളവിൽ സ്റ്റാലിൻ 20 ലക്ഷത്തിലേറെ വകവരുത്തി എന്നാണ് ആർക്കൈവ്‌സ് രേഖകളെ ഉദ്ധരിച്ച് വിവിധ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. പട്ടിണി മൂലം മരിച്ചവരും രാഷ്ട്രീയമായി വകവരുത്തിയവരും ഇവരിലുണ്ട്. സ്റ്റാലിന്റെ തലതിരിഞ്ഞ കാർഷിക നയങ്ങളാണ് ആദ്യം ക്ഷാമത്തിലേക്കും പിന്നീട് പലായനങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും നയിച്ചത്.

ഗ്രേറ്റ് ഫമിൻ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമത്തിൽ അഞ്ചു ദശലക്ഷം പേർ മരിച്ചു എന്നാണ് കണക്ക്. സമ്പന്ന കർഷകരായ കുലാകുകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്. ലക്ഷക്കണക്കിന് പേരെ ഗുലാഗിലെ ലേബർ ക്യാമ്പിലേക്കും സൈബീരിയയിലേക്കും അയച്ചു. 1929-53നിടയിൽ 14 ദശലക്ഷം പേരെ ഗുലാഗിലെ ലേബർ ക്യാമ്പിൽ തടവിലാക്കി എന്നാണ് കണക്ക്.സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായ ശേഷം ലഭ്യമായ ആർക്കൈവ്‌സ് രേഖകൾ പ്രകാരം രാഷ്ട്രീയത്തടവുകാർ ഉൾപ്പെടെ എട്ട് ലക്ഷം ജയിൽപ്പുള്ളികളെ സ്റ്റാലിൻ വധിച്ചു എന്നാണ് കണക്ക്. ഗുലാഗിലെ നിർബന്ധിത ലേബർ ക്യാമ്പിൽ 1.7 ദശലക്ഷം പേരാണ് കൊല്ലപ്പെട്ടത്. 1934-53 കാലയളവിൽ ഗുലാഗിൽ 1,053,829 പേർ കൊല്ലപ്പെട്ടു എന്നാണ് ആർക്കൈവ്‌സ് വിവരങ്ങൾ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ യുഎസ് ചരിത്രകാരൻ ജെ ആർച്ച് ഗെറ്റി ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രീയ എതിരാളികളെ വിവേചന രഹിതമായി സ്റ്റാലിൻ വകവരുത്തിയിരുന്നു എന്നാണ് ചരിത്രം. സ്റ്റാലിൻ അധികാരത്തിലിരുന്ന കാലത്ത് 139 സെൻട്രൽ കമ്മിറ്റികളിലെ 90 പേരെയും 103 ജനറൽമാരിലെ 83 പേരെയും അദ്ദേഹം വധശിക്ഷയ്ക്ക് വിധിച്ചു. ഗ്രേറ്റ് പർജ് (മഹാശുദ്ധീകരണം) എന്നാണ് ഇതറിയപ്പെട്ടത്. രഹസ്യപൊലീസ് വിഭാഗമായ എൻകെവിഡിയാണ് ഇതിന് ചുക്കാൻ പിടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.