1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സ്വന്തം ലേഖകന്‍: സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി, നാലു മരണം, ഭീകരാക്രമണമാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചു കയറ്റിയ അക്രമി നാലു പേരെ കൊലപ്പെടുത്തി. സ്റ്റോക്‌ഹോമിലെ ക്വീന്‍ സ്ട്രീറ്റിലുള്ള വ്യാപാരശാലയിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി.

ഇന്ത്യന്‍ എംബസിക്ക് സമീപമാണ് അപകടം നടന്നത്. പ്രാദേശിക സമയം വൈകുന്നേരം മൂന്നുമണിക്കായിരുന്നു അപകടം. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും പിന്നാലെ വെടിയൊച്ച കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. നഗരത്തിലെ തിരക്കേറിയ ക്വീന്‍സ് സ്ട്രീറ്റിലെ കാല്‍നടക്കാര്‍ക്കു വേണ്ടിയുള്ള തെരുവായ ഡ്രോട്ട്‌നിങ്ഗാറ്റനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു ആക്രമണം.

പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സ്വീഡിഷ് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിന്റെ മറ്റൊരു മേഖലയില്‍ വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നു വ്യക്തമല്ല. ആക്രമണത്തെ തുടര്‍ന്ന് പൊതുയാത്രാ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങളോടു നഗരത്തിലേക്കു വരുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആക്രമണം നടന്ന സ്ഥലത്തിനു സമീപമുള്ള സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷന്‍ പൊലീസ് ഒഴിപ്പിച്ചു. ആക്രമണം നടത്താന്‍ ഉപയോഗിച്ച ട്രക്ക് തട്ടിയെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. നടന്നത് ഭീകരാക്രമണമാണെന്നു സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വാന്‍ സ്ഥിരീകരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.