സ്വന്തം ലേഖകന്‍: ട്രംപുമായുള്ള ബന്ധം മൂടിവെച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; വിവാദത്തിനു തിരികൊളുത്തി പോണ് നായികയുടെ ടിവി അഭിമുഖം. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാകും മുന്‍പ് അദ്ദേഹവുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന സ്റ്റോമി ഡാനിയല്‍സിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ട്രംപുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കി.
2011ല്‍ കൈക്കുഞ്ഞിനൊപ്പം ഫിറ്റ്നസ് ക്ലാസിനു പോകുമ്പോള്‍ അജ്ഞാതന്‍ അടുത്തുവന്നു വധഭീഷണി മുഴക്കിയതായാണ് ആരോപണം. ‘ട്രംപിനെ വെറുതെ വിട്ട്, പഴയകഥയെല്ലാം മറന്നേക്ക്’ എന്നു പറഞ്ഞ അജ്ഞാതന്‍ മകളെ നോക്കി ‘ഈ കുഞ്ഞിന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കഷ്ടമായിരിക്കു’മെന്നു പറഞ്ഞെന്നാണു നടിയുടെ വെളിപ്പെടുത്തല്‍. ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ ട്രംപിന്റെ അഭിഭാഷകന് 1.3 ലക്ഷം ഡോളര്‍ കൊടുത്തെന്നും കരാറില്‍ ഒപ്പുവപ്പിച്ചെന്നും നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഗുണ്ടയെ പറഞ്ഞുവിട്ടത് ഈ അഭിഭാഷകനായിരിക്കാമെന്നാണു പുതിയ അഭിമുഖത്തില്‍ സൂചിപ്പിച്ചത്.
സ്റ്റോമി പറയുന്നതനുസരിച്ച് 2006–07 ലായിരുന്നു ട്രംപുമായി ബന്ധം. മെലനിയയെ ട്രംപ് വിവാഹം ചെയ്തതിനു ശേഷമായിരുന്നു ഇത്. അന്ന് 60 വയസ്സുള്ള ട്രംപിനോടു തനിക്കു പ്രത്യേകിച്ച് ഒരു താല്പര്യവും തോന്നിയില്ലെന്നും സ്റ്റോമി അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ആതിഥേയനായ റിയാലിറ്റി ഷോയില്‍ അവസരം തരാമെന്നു ട്രംപ് വാഗ്ദാനം ചെയ്ത കാര്യവും സൂചിപ്പിച്ചു. ഇതിനിടെ, സ്റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപിന്റെ അഭിഭാഷകന് രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല