
സ്വന്തം ലേഖകൻ: പട്ടാളക്കാരനായും കൂലിപ്പടയാളിയായും ക്രൂരതകളിലൂടെ ലോകത്തെ വിറപ്പിച്ച മാഡ് മൈക് എന്ന തോമസ് മൈക് നൂറാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. തന്റെ ഭ്രാന്തന്‍ പ്രവൃത്തികളിലൂടെയും കൂലിപ്പടയാളികളെ ഉപയോഗിച്ച് നടത്തിയ ഭരണകൂട അട്ടിമറികളിലൂടെയുമാണ് മൈക് പേടിസ്വപ്‌നമായത്. നൂറാമത്തെ വയസില്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് ഉറക്കത്തിനിടെയാണ് മൈക്കിന്റെ അന്ത്യം.
1919-ല്‍ ഇന്ത്യയിലാണ് മൈക്കിന്റെ ജനനം. കല്‍ക്കട്ടയില്‍ ജനിച്ച മൈക്കിന്റെ യഥാര്‍ത്ഥ പേര് തോമസ് മൈക് ഹൊയാരെ. പഠനം ഇംഗ്ലണ്ടിലായിരുന്നു. മരണം ദക്ഷിണാഫ്രിക്കയില്‍ വെച്ചും. കോംഗോയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് മൈക് വാര്‍ത്തകളില്‍ നിറയുന്നത്. അന്നത്തെ ഭരണകൂടങ്ങള്‍ക്കെതിരെ മൈക്കിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നു. കമ്മ്യൂണിസ്റ്റുകാരെ കൊല്ലുന്നത് കീടങ്ങളെ നശിപ്പിക്കും പോലെയെന്ന് ഒരിക്കല്‍ പറഞ്ഞ മൈക് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ആള്‍രൂപമായിരുന്നു.
സാഹസികതയിലൂടെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്നതാണ് മൈക്കിന്റെ ജീവിത തത്വം. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കുനേരെ കൂലി പട്ടാളക്കാരനെന്ന നിലയില്‍ നടത്തിയ ആക്രമങ്ങള്‍ മൈക് ആസ്വദിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ അയാള്‍ക്ക് എന്നും ആവേശവും പ്രചോദനവുമായിരുന്നു.
സീഷെല്‍സ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഏറ്റുമുട്ടലാണ് വിമാനറാഞ്ചലില്‍ കലാശിച്ചത്. റഗ്ബി കളിക്കാരെന്ന വ്യാജേനയാണ് മൈക്കും സംഘവും വിമാനത്താവളത്തിൽ എത്തിയത്. രഹസ്യമായി പുറപ്പെട്ട സംഘം വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെട്ടു. അതോടെ ഏറ്റുമുട്ടല്‍ വിമാനത്താവളത്തിലേക്ക് നീണ്ടു. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചി മൈക് രക്ഷപ്പെട്ടു. വിമാനം ദക്ഷിണാഫ്രിക്കയിലേക്കാണ് മൈക്ക് പറത്തിയത്. പിന്നീട് ഈ കുറ്റത്തിന് മൈക് ശിക്ഷിക്കപ്പെട്ടെങ്കിലും മൂന്ന് വര്‍ഷം മാത്രമാണ് ജയിലില്‍ കിടന്നത്. മൈക്കിന്റെ ജീവിതം 1978-ല്‍ ദ് വൈല്‍ഡ് ഗീസ് എന്ന ഹോളിവുഡ് ചിത്രത്തിന് പ്രചോദനമായി
ഇംഗ്ലണ്ടിലെ പഠനകാലത്ത് പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകന്‍ ക്ലാസില്‍ പറഞ്ഞ പട്ടാളക്കഥകളിലൂടെയാണ് മൈക് സൈനിക സേവനത്തില്‍ ആകൃഷ്ടനാകുന്നത്. അങ്ങനെ രണ്ടാം ലോക മഹായുദ്ധകാലത്ത് മൈക് പട്ടാളക്കാരനായി.
മേജര്‍ പദവിയിലിരിക്കെയാണ് ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. പിന്നീട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. അതിന് ശേഷം പലവിധ ബിസിനസ്സുകള്‍ ചെയ്തു. 1961-ല്‍ കോംഗോ ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനുമായ മോയിസ് ഷോംബെയെ കണ്ടുമുട്ടിയത് വഴിത്തിരിവായി. തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായ മൈക്കിനെ തന്റെ ദൗത്യത്തിനായി ഷോംബെ വിലക്കെടുത്തു. അങ്ങനെ ഒളിപ്പോര്‍ ആക്രമണങ്ങളിലൂടെ അട്ടിമറി സൃഷ്ടിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്തായിരുന്നു ആക്രമണങ്ങള്‍. സിംബ റിബലുകളെ പുറത്താക്കുകയായിരുന്നു ലക്ഷ്യം.
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആക്രമിക്കാനായിരുന്നു ഷോംബെയുടെ നിര്‍ദ്ദേശം. അങ്ങനെ മൈക്കും സംഘവും രാത്രികളില്‍ ബോട്ടിലെത്തി 5000-10000 പേരെ കൊലപ്പെടുത്തി. സീഷെല്‍സിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനും മൈക് നിയോഗിക്കപ്പെട്ടു. ആ നീക്കം പിടിക്കപ്പെട്ടതാണ് അന്ന് വിമാനറാഞ്ചലില്‍ കലാശിച്ചത്. സ്വന്തം അനുഭവങ്ങള്‍ മൈക്ക് പുസ്തകമാക്കിയിട്ടുണ്ട്.
മെര്‍സിസറി, ദ റോഡ് ടു കലാമാട്ട, ദ സെയ്‌ഷെല്‍സ് അഫയര്‍ എന്നിവയാണ് ആ പുസ്തകങ്ങള്‍. മൈക്കിന് അഞ്ച് കുട്ടികളുണ്ട്. എലിസബത്ത് സ്‌റ്റോറ്റ് ആണ് ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല