1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2021

സ്വന്തം ലേഖകൻ: മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യര്‍ക്ക് 150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് പഠനം. കൊലപാതകം, അര്‍ബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മനഃക്ലേശത്തില്‍നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു.

സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോര്‍ക്കിലെ ബഫലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോസ്‌വെല്‍ പാര്‍ക്ക് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. യു.എസ്., യു.കെ., റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്റെ ഗതിവേഗത്തെ കുറിച്ചുള്ള വിശകലനത്തിന് വിധേയമാക്കിയത്. പഠനഫലം നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാകാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് ‘Resilience’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 40വയസ്സുള്ള ഒരാളെ അപേക്ഷിച്ച് 80-വയസ്സുള്ള ഒരാള്‍ക്ക് മാനസികബുദ്ധിമുട്ടുകളില്‍നിന്ന് മുക്തിനേടാന്‍ മൂന്നിരട്ടി സമയം വേണ്ടി വരുമെന്ന് പഠനം കണ്ടെത്തി.

രോഗം, അപകടം തുടങ്ങി സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൂടെ ശരീരം കടന്നുപോകുമ്പോള്‍ പ്രായം കൂടുന്നതിന് അനുസരിച്ച് രോഗമുക്തി നിരക്ക്(Recovery Rate) കുറയുന്നതായി കാണാനാകും. രോഗമുക്തി നേടാനുള്ള സമയം ദീര്‍ഘിക്കുന്നതായും കാണാനാകുമെന്നും പഠനം പറയുന്നു. 40 വയസ്സുള്ള ആരോഗ്യമുള്ള ഒരാള്‍ക്ക് ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗമുക്തി നേടാനാകുമെങ്കില്‍ 80 വയസ്സുള്ള ഒരാള്‍ക്ക് ഏകദേശം ആറാഴ്ചയോളമാണ് വേണ്ടി വരിക.

സി.എന്‍.ഇ.ടിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 120-നും 150 വയസ്സിനും ഇടയില്‍ മനഃക്ലേശത്തില്‍നിന്ന് മോചിതരാകാനുള്ള ശേഷി മനുഷ്യന് പൂര്‍ണമായും നഷ്ടമാകും. ഗുരുതരരോഗങ്ങള്‍ ഇല്ലാത്തവരില്‍ പോലും ഇങ്ങനെ സംഭവിച്ചേക്കാം. അതിനാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെങ്കില്‍ മനഃക്ലേശം, പ്രായമാകല്‍ എന്നീ ഘടകങ്ങളില്‍ മാറ്റം കൊണ്ടുവന്നേ മതിയാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ഡൈനാമിക് ഓര്‍ഗാനിസം സ്‌റ്റേറ്റ് ഇന്‍ഡിക്കേറ്റര്‍(ഡി.ഒ.എസ്.ഐ.) എന്ന സൂചകത്തെ സൃഷ്ടിച്ചിരുന്നു. സമ്മര്‍ദം അനുഭവിക്കുമ്പോള്‍ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി.), സ്റ്റെപ് കൗണ്ട് എന്നിവയില്‍ വ്യതിയാനം ഉണ്ടാകുന്നതായും കണ്ടെത്തി. പ്രായം കൂടുന്നതിന് അനുസരിച്ച് വിമുക്തി നേടുന്നതിനും കാലതാമസമുണ്ടാകും.

പ്രായമാകുന്നതിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ് രോഗവിമുക്തി നിരക്കെന്ന് പഠനം വ്യക്തമാക്കിയതായി ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ജെനറ്റിക്‌സ് പ്രൊഫസര്‍ ഡേവിഡ് സിന്‍ക്ലെയര്‍ പറഞ്ഞു. അതിനാല്‍ തന്നെ പ്രായമാകുന്ന പ്രക്രിയയെ വൈകിപ്പിക്കുന്ന മരുന്നുകള്‍ വികസിപ്പിച്ച് ആരോഗ്യമുള്ള കാലം ദീര്‍ഘിപ്പിക്കുന്നതിന് രോഗമുക്തി നിരക്ക് എന്ന സൂചകത്തിന് സഹായിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദീര്‍ഘായുസ്സിന്റെ പരിധിയെ കുറിച്ചും പ്രായമാകുന്നതിനെ തടയുന്ന ഭാവിയിലെ കണ്ടുപിടിത്തങ്ങള്‍ക്കും പഠനം സഹായകമാകുമെന്ന് സിംഗപ്പുര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്ട്രി ആന്‍ഡ് ഫിസിയോളജി പ്രൊഫസറായ ബ്രിയാന്‍ കെന്നഡി പറഞ്ഞു. ഭൂരിഭാഗം വികസ്വര രാജ്യങ്ങളിലും ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ വളര്‍ന്നുവരുന്ന വിടവിനെ ഇല്ലാതാക്കാന്‍ ഈ പഠനം സഹായിക്കുമെന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ട സംഗതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.